തൊടുപുഴ: കായിക താരങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ കം ട്രെയിനിംഗ് സെന്റർ തൊടുപുഴയിലുമെത്തുന്നു. സ്‌പോർട്‌സ് ആയുർവദ റിസർച്ച് സെൽ ആരംഭിക്കാൻ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് 43 സെന്റ് സ്ഥലം നൽകുമെന്ന് അറിയിപ്പ് വന്നതോടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വർഷങ്ങളായി ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. കായിക താരങ്ങൾക്ക് വേണ്ടി സ്‌പോർട്‌സ് ആയുർവേദ റിസർച്ച് യൂണിറ്റ് ഏറെനാളായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തേ രാജ്യാന്തര താരങ്ങൾ വരെ ചികിത്സ തേടി ഇവിയൈത്തിയിരുന്നു. നിലവിൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇതിന്റെ പ്രവർത്തനം. ഒരു സ്ഥിരം ഡോക്ടറും രണ്ട് താത്കാലിക ഡോക്ടർമാരും സ്‌പെഷ്യലിസ്റ്റുമാണുള്ളത്. ഇത് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്ന റിസർച്ച് യൂണിറ്റായി മാറ്റുകയാണ് ലക്ഷ്യം. ജില്ലാ ആശുപത്രിക്ക് നിലവിൽ സ്ഥല സൗകര്യമില്ലാത്തതിനാലാണ് ആയുർവേദ റിസർച്ച് സെൽ പ്രത്യേക വിഭാഗമായി മാറ്റാൻ തീരുമാനിച്ചത്. പരിക്ക് പറ്റിയും ആരോഗ്യം നശിച്ചും ഫോം മങ്ങിയും കളിക്കളത്തിന് പുറത്താകുന്ന താരങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യമുണ്ട്. തൃശൂരിലാണ് ഇപ്പോൾ മറ്റൊരു റിസർച്ച് സെൽ പ്രവർത്തിക്കുന്നത്. സ്ഥലം ലഭിച്ച സാഹചര്യത്തിൽ ഫണ്ടുകളുടെ കാര്യത്തിലടക്കം കൂടുതൽ സഹായം ലഭിക്കുന്നമുറക്ക് കെട്ടിട നിർമാണമടക്കം നടത്താൻ കഴിയുമെന്നാണ് ആയുർവേദ വിഭാഗത്തിന്റെ പ്രതീക്ഷ. ഇതിനുള്ള പ്രൊപ്പസലും നേരത്തേ തന്നെ നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
സെല്ലിന്റെ ലക്ഷ്യം
ആയുർവേദ ചികിത്സ കൂടാതെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിച്ച് മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായിക ക്ഷമത വർദ്ധിപ്പിക്കുകയാണ് ആയുർവേദ റിസർച്ച് സെല്ലിലൂടെ ലക്ഷ്യമിടുന്നത്. ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും. സ്പോർട്സ് ചികിത്സയിൽ ആയുർവേദ ഡോക്ടർക്ക് പരിജ്ഞാനം നൽകുന്ന സംവിധാനവുമുണ്ടാകും.
'ഭൂമി റവന്യൂ വകുപ്പ് വിട്ടുനൽകിയിട്ടുണ്ട്. ഇനി സെൽ തുടങ്ങാനാവശ്യമായ ഫണ്ട് സർക്കാർ വഹിക്കണം. ഇത് ലഭിച്ചുകഴിഞ്ഞാൽ തുടർനടപടികൾ ആരംഭിക്കും."
-ഡോ. ഷൈലജ (ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട്)