തൊടുപുഴ: നിർമാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നില്ലെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസും കേരള പ്രദേശ് കൺസ്ട്രക്ഷൻ ആർട്ടിസാൻസ് എംപ്ലോയീസ് കോൺഗ്രസും പ്രതിഷേധിക്കും. ക്ഷേമനിധി ഓഫീസിന് മുമ്പിൽ ബുധനാഴ്ച 10.30ന് സംഘടിപ്പിക്കുന്ന ധർണ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെൻഷൻ കുടിശികയും മറ്റ് ആനുകൂല്യങ്ങളും ക്ഷേമനിധിയിൽ നിന്ന് അനുവദിച്ചിട്ട് മാസങ്ങളായി. ബോർഡിലെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം സെസ് പിരിവുപോലും കൃത്യമായി നടക്കുന്നില്ല. ബോർഡിന്റെ കൈവശമുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വകമാറ്റിയതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊവിഡ്കാല ആനുകൂല്യങ്ങൾ പോലും നിർമാണ തൊഴിലാളികൾക്ക് ലഭ്യാമക്കിയിട്ടില്ല. പെൻഷൻകാരുടെ മസ്റ്ററിംഗ് പുനഃരാരംഭിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളത്തിൽ കെ.എസ്.കെ.എൻ.ടി.സി ജില്ലാ പ്രസിഡന്റ് ശശികല രാജു, കെ.പി.സി.എ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് പി.വി. അച്ചാമ്മ, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, സെക്രട്ടറി ടോമി പാലയ്ക്കൽ എന്നിവർ പങ്കെടുത്തു.