
തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുൻസിപ്പൽ കാൽ നട പ്രചരണ ജാഥ സമാപിച്ചു. തൊടുപുഴ നഗരസഭയുടെ മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കുക, മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന ജന വഞ്ചന തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ കാൽനട പ്രചരണ ജാഥ നഗരസഭയിലെ 35 വാർഡുകളിലൂടെ പര്യടനം നടത്തി ശനിയാഴ്ച മുതലക്കോടത്ത് സമാപിച്ചു. സമാപന യോഗം മുൻ എം.പി ജോയിസ് ജോർജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർപേഴ്‌സൺ ജെസി ജോണി എന്നിവർ സംസാരിച്ചു. സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ ക്യാപ്ടനും നഗരസഭ കൗൺസിൽ മിനി മധു വൈസ് ക്യാപ്ടനുമായ ജാഥ ശനിയാഴ്ച കാഞ്ഞിരമറ്റം, മങ്ങാട്ടുകവല, കുമ്മംക്കല്ല്, ഉണ്ടാപ്ലാവ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി. ജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. മത്തായി നിർവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ഏരിയാ കമ്മിറ്റിയംഗംങ്ങളായ കെ.ആർ. ഷാജി, എം.എം. മാത്യു, വി.ബി. ദിലീപ്കുമാർ, ആർ. പ്രശോഭ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.