thushar
എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ഏഴാം സ്ഥാപിത വാർഷികവും വനിതാ- യൂത്ത് മൂവ്‌മെന്റ് സംയുക്ത വാർഷിക പൊതുയോഗവും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: ജില്ലയിലെ ജനങ്ങൾ നേരിടുന്ന നിർമ്മാണ നിരോധനനിയമവും പട്ടയപ്രശ്നവുമടക്കമുള്ല ഭൂവിഷയങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ഏഴാം സ്ഥാപിത വാർഷികവും വനിതാ- യൂത്ത് മൂവ്‌മെന്റ് സംയുക്ത വാർഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂവിഷയങ്ങളിൽ യൂണിയൻ, ശാഖാ നേതാക്കളുടെ യോഗം അടുത്ത മാസം തന്നെ വിളിച്ചു കൂട്ടും. ഇതിന് ശേഷം തുടർ നടപടികൾ കൈകൊള്ളും. ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന സമരത്തിനോട് യാതൊരു ആഭിമുഖ്യവും തങ്ങൾക്കില്ല. രാഷ്ട്രീയ അക്രമങ്ങൾ കൂടുന്ന ഇക്കാലത്ത് ഗുരുദേവന്റെ വചനങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്. എസ്.എൻ.ഡി.പി യോഗത്തെക്കുറിച്ച് ഇപ്പോൾ കള്ളപ്രചരണങ്ങൾ നടത്തുന്നവരെ തിരിച്ചറിയണം. കാശ് വെട്ടിച്ചവരും അധികാര സ്ഥാനങ്ങളിൽ എത്തിപ്പെടാത്തവരും തഴയപ്പെട്ടവരുമാണ് ഇന്ന് എസ്.എൻ.ഡി.പി യോഗത്തെ അധിക്ഷേപിക്കുന്നവരിൽ പലരുമെന്നും അദ്ദേഹം പറഞ്ഞു.

കല്ലാർ സഹ്യാദ്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭദ്രദീപം തെളിയിച്ചും യൂണിയൻ സ്ഥാപിത വാർഷിക കേക്ക് മുറിച്ചുമാണ് തുഷാർ ഉദ്ഘാടനം നിർവ്വഹിച്ചത്. നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പതാക ഉയർത്തി. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ,​ സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ. തങ്കപ്പൻ, കല്ലാർ രമേശ്, പ്രവീൺ വട്ടമല, ജയൻ കല്ലാർ, മധു കമലാലയം, വിനോദ് ശിവൻ, സി.എം. ബാബു, സുരേഷ് ചിന്നാർ, സജി ചാലിൽ, ശാന്തമ്മ ബാബു, വിമല തങ്കച്ചൻ, അനില സുദർശനൻ എന്നിവർ സംസാരിച്ചു.