ഇടുക്കി :ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 27 മുതൽ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. മിനി, സബ് ജൂനിയർ, ജൂനിയർ യൂത്ത്, സീനിയേഴ്‌സ് എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. ജില്ലയിലെ വിവിധ ക്ലബ്ബുകൾ, സംഘടനകൾ, സ്‌കൂൾ, കോളേജ്, ഇതര സ്ഥാപനങ്ങൾ എന്നിവർക്കും ടീമുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ ചേർന്ന സംഘടക സമിതി യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. എൽ ജോസഫ്, വൈസ് ചെയർമാന്മാരായ അനിയൻ കുഞ്ഞ്, സന്തോഷ് വി.എസ്, ജനറൽ കൺവീനർ സാബു മീൻമുട്ടി, ജോയിൻ കൺവീനർമാരായ അജീഷ് അവിരാച്ചൻ, കെ വി ജോയ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി കെ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.