കട്ടപ്പന :ഇരട്ടയാർ നാങ്കുതൊട്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമേർപ്പെടുത്തിയതായി സംഘം സെക്രട്ടറി അറിയിച്ചു. എൽഡിഎഫിന്റെ ഒൻപതംഗ ഭരണസമിതിയിലെ പ്രസിഡന്റ് ഉൾപ്പടെയുള്ള ഏഴ് പേരും രാജി വച്ചതോടെയാണ് ഡിംസംബർ ഒന്ന് മുതൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തേണ്ടി വന്നത്. സ്വന്തമായി പശു വളർത്തൽ ഉള്ളവർക്കും സഹകരണ സംഘത്തിൽ പാൽ അളക്കുന്നവർക്കുമാണ് അംഗമാകാൻ പറ്റുകയുള്ളുവെന്നാണ് നിയമം.എന്നാൽ ഭരണ സമിതിയിലുണ്ടായിരുന്ന നാല് പേർ വിവിധ കാരണങ്ങളാൽ വർഷങ്ങളായി സംഘത്തിൽ പാൽ അളക്കുന്നുണ്ടായിരുന്നില്ല.ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോൺഗ്രസ് വാഴവര വാർഡ് കമ്മറ്റി രംഗത്തെത്തുകയും ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അയോഗ്യരായ നാല് അംഗങ്ങളും യോഗ്യതയുള്ള മൂന്ന് അംഗങ്ങളും രാജി വച്ചത്.തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് ഭരണ സമിതി അംഗങ്ങളുടെ രാജി.