തൊടുപുഴ: മുട്ടം- അശോകകവല-പാറമട റോഡ് നവീകരണത്തിന്റെ അപാകതയെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപെടുന്നതായി ആക്ഷേപം. റോഡിലെ ഗർത്തങ്ങൾ നികത്തി രണ്ട് വശങ്ങളിലും വീതി കൂട്ടുന്ന പണികളാണ് ഏതാനും ദിവസങ്ങളായി നടന്ന് വരുന്നത്.എന്നാൽ ഗർത്തം നിക്കത്തുന്ന ഭാഗങ്ങളിൽ ചതുരാകൃതിയിലാണ് ടാറിങ്ങ് നടത്തുന്നത്. പഴയ ടാറിങ്ങിൽ 1,2 ഇഞ്ച് ഉയരത്തിലാണ് ഗർത്തം നികത്തുന്നതും. അടുത്തടുത്തായി കട്ടിങ്ങ് ഉള്ളതിനാൽ വാഹനങ്ങൾ റോഡിലേക്ക് ഇടിച്ച് കയറുന്ന അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ പ്രശ്നം ആകുന്നത്. ഇതേ തുടർന്ന് ഈ ഭാഗത്ത് വാഹനങ്ങൾ കയറുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതു പോലെ തോന്നുന്നതായി വാഹനങ്ങൾ ഓടിക്കുന്നവർ പറയുന്നു.ചെറിയ കുഴികൾ നികത്താതെ വലിയ കുഴികൾ മാത്രമാണ് നികത്തുന്നത്. വേഗതയിൽ എത്തുന്ന ആംബുലൻസുകൾക്കും റോഡിൻ്റെ നവീകരണം വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. റോഡ് പൂർണമായും റീ ടാർ ചെയ്യാതെ ചതുരാകൃതിയിൽ പഴയ ടാറിങിൽ നിന്നും ഉയർത്തി ടാർ ചെയ്തതാണ് പ്രശ്നമായത്.വളവുകളിൽ ടൈൽ പതിപ്പിച്ചിട്ടുണ്ടങ്കിലും സൈഡ് പൊളിഞ്ഞു പോകുന്ന തരത്തിലാണ് ചെയ്തിരിക്കുന്നത്.