തൊടുപുഴ: നഗരസഭാ മാസ്റ്റർപ്ലാൻ പ്രതിസന്ധി പരിഹരിക്കുന്നതിന് കരട് വിജ്ഞാപനം താത്കാലികമായി മരവിപ്പിക്കണമെന്ന് തൊടുപുഴ റസിഡന്റ്‌സ് അപക്‌സ് കൗൺസിൽ (ട്രാക്ക്) വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാസ്റ്റർ പ്ലാൻ അപ്രായോഗികവും ജനദ്രോഹപരവുമാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. നഗരസഭാ ചെയർമാനും ഇക്കാര്യം സമ്മതിക്കുന്നു. അപാകത പരിഹരിക്കുമെന്ന് ചെയർമാൻ പറയുന്നുണ്ടെങ്കിലും അതെങ്ങനെയെന്ന് വ്യക്തമാക്കുന്നില്ല. അനിവാര്യമായ മാറ്റങ്ങൾ വരുത്താൻ പ്ലാൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും വാർഡുസഭകളിൽ ചർച്ച ചെയ്യുകയും വേണം. കൂടാതെ വിദഗ്ദ്ധ സമിതിയുടെ സഹായത്തോടെ പഠനം നടത്തണം. ഈ നടപടിക്രമങ്ങൾക്ക് വളരെകാലമെടുക്കും. അതുവരെ നോട്ടിഫിക്കേഷൻ നിലനിന്നാൽ പദ്ധതി പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയങ്ങളും മറ്റ് നടപടികളും സ്തംഭിക്കും. വിജ്ഞാപനം മരവിപ്പിച്ചാൽ ആ പ്രശ്‌നമുണ്ടാകില്ല. മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ ചട്ടമില്ലെന്നാണ് വകുപ്പ് മന്ത്രിയെയും ചീഫ് ടൗൺ പ്ലാനറെയും കണ്ടശേഷം നഗരസഭാ ചെയർമാൻ പറഞ്ഞത്. എന്നാൽ, ആരും മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ പറഞ്ഞിട്ടില്ല. വിജ്ഞാപനം മരവിപ്പിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പി.ജെ. ജോസഫ് എം.എൽ.എ നൽകിയ നിവേദന പ്രകാരം വേണ്ട നടപടി സ്വീകരിക്കാമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
കൗൺസിലിലെ എല്ലാവർക്കും മാസ്റ്റർ പ്ലാനിന്റെ കാര്യത്തിൽ കൂട്ടുത്തരവാദിത്വമുണ്ട്. സംഭവിച്ച തെറ്റുകളുടെ പാപഭാരം ജനങ്ങളുടെ ചുമലിൽ വീഴുന്നത് ഒഴിവാക്കാൻ എല്ലാ കക്ഷികളും സഹകരിച്ച് വിജ്ഞാപനം താത്കാലികമായി മരവിപ്പിക്കാൻ നഗരസഭ പ്രമേയം പാസാക്കി സർക്കാരിനെ സമീപിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ട്രാക്ക് ആക്ടിങ് പ്രസിഡന്റ് എം.സി. മാത്യു, സെക്രട്ടറി സണ്ണി തെക്കേക്കര, പി.എസ്. ഇസ്മായിൽ, ടി.എം. ശശി, ഡോ. ടി.എ. ബാബു എന്നിവർ പങ്കെടുത്തു.