തൊടുപുഴ: സംസ്ഥാന പൊതു മേഖല സ്ഥാപനമായ ബാംബു കോർപ്പറേഷന്റെ ഉത്പ്പന്നങ്ങൾക്ക് ജില്ലയിൽ ആവശ്യക്കാർ ഏറെയുണ്ടെങ്കിലുംലഭ്യമാകുന്നില്ല. തൊടുപുഴ ഉൾപ്പെടുന്ന ലോറേഞ്ചുകളിൽ. പ്രകൃതി സൗഹൃദ കെട്ടിട നിർമ്മാണ സാമഗ്രികൾ, വിവിധ ഇനങ്ങളിലുള്ള, ഫർണിച്ചർ, പ്ലൈവുഡ്, ടൈൽസ്, ലൈറ്റുകൾ,ഹാൻന്റി ക്രാഫ്റ്റ് ഉത്പ്പന്നങ്ങൾ, അലങ്കാര വസ്തുക്കൾ, ഓഫീസ് ഉത്പ്പന്നങ്ങൾ,മാറ്റുകൾ, ഗൃഹോപകരണങ്ങൾ, വെയ്സ്റ്റ് ബോക്സ്‌, കർട്ടൻ എന്നിവയുടെ നൂറിൽപരം ഉത്പ്പന്നങ്ങളാണ് ബാംബു കോർപറേഷൻ സ്വന്തമായി നിർമ്മിക്കുന്നത്. ഗുണ മേന്മയുടെ കാര്യത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ടതിനാലാണ് ആവശ്യക്കാരുള്ളത്. എന്നാൽ ജില്ലയിൽ ഇവ ആവശ്യത്തിന് ലഭ്യമാക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല. മൂന്നാറിൽ പുതിയ ഔട്ട് ലെറ്റ് ഉടൻ പ്രവർത്തന സജ്ജമാക്കാൻ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നുണ്ടെങ്കിലും അത് സംബന്ധിച്ച് വ്യക്തതയില്ല. മൂന്നാറിൽ മാത്രം ഔട്ട്‌ ലെറ്റ് സജ്ജമാക്കിയാൽ ജില്ലയുടെ മറ്റ് മേഖലകളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

ഓർഡർ നൽകിയാലും കിട്ടുന്നില്ല.......

ഉത്പപ്പന്നങ്ങൾക്ക് വേണ്ടി ബാംബു കോർപ്പറേഷന്റെ മാർക്കറ്റിങ്ങ് വിഭാഗത്തെ നിരവധി പ്രാവശ്യം ബന്ധപ്പെട്ടിട്ടും തൊടുപുഴയിലെ ഈ രംഗത്തുള്ള ചെറുകിട, മൊത്ത വ്യാപാരികൾക്ക് ബാംബു ഉത്പ്പന്നങ്ങൾ മാസങ്ങളായി ലഭിക്കുന്നില്ല. കോർപ്പറേഷന്റെ പ്രകൃതി സഹൃദ കെട്ടിട നിർമ്മാണ സാമഗ്രികൾക്കും തൊടുപുഴയിൽ നിരവധി ആവശ്യക്കാരുണ്ട്. ചില ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, ഇടത്തരം വീടുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയുടെ ഇന്റീരിയർ ഡെക്കറേഷനും കോട്ടേജ് നിർമ്മാണത്തിനും ആവശ്യമായ പ്രകൃതി സൗഹൃദ സാമഗ്രികൾ തൊടുപുഴയിൽ ലഭ്യമല്ല. എറണാകുളം മാർക്കറ്റിൽ നിന്നാണ് ഓരോരുത്തർക്കും ആവശ്യമായ സാമഗ്രികൾ ഇവിടേക്ക് എത്തിക്കുന്നത് എന്ന് ഈ രംഗത്തുള്ളവർ പറയുന്നു. എന്നാൽ ഇടുക്കി ഒഴികെ മറ്റ് ജില്ലകളിലേക്ക് ബാംബു ഉത്പന്നങ്ങൾ കൃത്യമായി എത്തുന്നുമുണ്ട്.

" പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തും. ഉത്പ്പന്നങ്ങളുടെ കൃത്യമായ വിപണനത്തിന് സർക്കാരിന് പദ്ധതി സമർപ്പിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും. ഓൺ ലൈൻ വ്യാപാരവും കോർപ്പറേഷന്റെ പരിഗണനയിലുണ്ട് "

ടി കെ.മോഹനൻ ,

ചെയർമാൻ, സംസ്ഥാന ബാംബു കോർപ്പറേഷൻ