തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 30ന് ഓട്ടോ- ടാക്സി- ലൈറ്റ് മോട്ടോർ വാഹനങ്ങൾ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് വിജയിപ്പിക്കണമെന്ന് വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഓട്ടോ- ടാക്സി- ലൈറ്റ് മോട്ടോർ നിരക്ക് പുതുക്കി നിശ്ചയിക്കുക,​ പഴയ വാഹനങ്ങൾക്ക് ജി.പി.എസ് ഘടിപ്പിക്കണമെന്ന നിയമം പിൻവലിക്കുക,​ പഴയ വാഹനങ്ങൾ പൊളിക്കുന്നത് 15 വർഷമെന്നത് 20 വർഷമായി നീട്ടുക,​ ഇ- ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക,​ കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ പലതും ആർ.ടി ആഫീസുകളിലെ ഉദ്യോഗസ്ഥരെക്കൊണ്ട് നടപ്പിലാക്കുക,​ കള്ളടാക്സി,​ റെന്റ് എ കാർ എന്നിവയ്ക്ക് മേൽ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി 29ന് വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. വാർത്താസമ്മേളനത്തിൽ നേതാക്കളായ കെ.കെ. കബീർ,​ പി.എസ്. സിദ്ധാർത്ഥൻ,​ കെ.എൻ. ശിവൻ,​ എ.എസ്. ജയൻ,​ ടി.കെ. അബ്ദുൾകരിം എന്നിവർ പങ്കെടുത്തു.