തൊടുപുഴ: പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളുമെല്ലാമായി തൊടുപുഴ നാൾക്കുനാൾ വളരുമ്പോൾ നഗരത്തിലെത്തുന്നവർക്ക് സ്വസ്ഥമായി ഇരുന്ന് വിശ്രമിക്കാൻ പറ്റിയ ഒരിടമില്ല. നഗരത്തിലെത്തുന്ന മുതിർന്നവരുടെയും കുട്ടികളുടെയും ഇഷ്ടകേന്ദ്രമായിരുന്ന മുനിസിപ്പൽ പാർക്ക് അടച്ചിട്ട് രണ്ട് വർഷത്തോളമാകുന്നു. കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ പാർക്ക് അടഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പുതുവർഷത്തിന് മുന്നോടിയായി പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു നൽകാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇതുവരെ നവീകരണം പൂർത്തിയായില്ല. കളിയുപകരണങ്ങൾ സ്ഥാപിക്കുന്നതിന് സ്പോൺസറെ കണ്ടെത്താനാകാത്തതാണ് പ്രധാന പ്രതിസന്ധി. ഏകദേശം 35 ലക്ഷം രൂപയുടെ കളിയുപകരണങ്ങളാണ് സ്ഥാപിക്കുന്നത്. വൈദ്യുതി വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനൊപ്പം പെയിന്റിംഗ് ജോലികൾ കൂടി പൂർത്തിയാക്കിയാൽ പാർക്ക് റെഡിയാണ്. മഴ നീണ്ടുപോയതും നവീകരണം വൈകാൻ കാരണമായി. നേരത്തെ പൊട്ടിത്തകർന്ന കളിയുപകരണങ്ങളിലാണ് കുട്ടികൾ വിനോദത്തിലേർപ്പെട്ടിരുന്നത്. സ്ലൈഡർ ഉൾപ്പെടെ പല വിനോദ ഉപാധികളും തുരുമ്പെടുത്തു നശിച്ച നിലയിലായിരുന്നു. പാർക്കിലെ കുളത്തിൽ ഓടിച്ചിരുന്ന പെഡൽബോട്ടുകളും കാലഹരണപ്പെട്ടിരുന്നു. തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയ കളിയുപകരണങ്ങൾ മാറ്റുന്നതുൾപ്പെടെ 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ആകെ നടക്കുന്നത്.
നിരവധിപ്പേരുടെ ഇഷ്ടകേന്ദ്രം
ദിവസേന നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് തൊടുപുഴയാറിനോട് ചേർന്ന മുനിസിപ്പൽ പാർക്കിൽ സായാഹ്നങ്ങൾ ചെലവിടാനെത്തിയിരുന്നത്. കൗമാരക്കാരുടെയും കോളേജ് വിദ്യാർത്ഥികളുടെയും ഇഷ്ടകേന്ദ്രമായിരുന്നു ഇവിടം. കൊവിഡിനെ തുടർന്നുള്ല അടച്ചിടലിൽ നിന്ന് മോചനം നേടി കുട്ടികളും മുതിർന്നവരും നഗരത്തിലേക്ക് ഇറങ്ങുമ്പോൾ അടഞ്ഞുക്കിടക്കുന്ന പാർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നല്ലൊരു മൈതാനം പോലുമില്ലാത്ത തൊടുപുഴയിൽ പാർക്കും കൂടി തുറക്കാതിരുന്നാൽ കുട്ടികളുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കും. ഇപ്പോൾ തൊടുപുഴ മേഖലയിലെ കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും എട്ട് കിലോമീറ്റർ ദൂരെയുള്ള മലങ്കര ടൂറിസം കേന്ദ്രത്തിൽ പോകേണ്ട സ്ഥിതിയാണ്.
'മഴ കാരണമാണ് നവീകരണം വൈകിയത്. സ്പോൺസറെ കണ്ടെത്തി കളിയുപകരണങ്ങൾ സ്ഥാപിച്ചാൽ മറ്റ് ചെറിയ അറ്റകുറ്റപണികൾ കൂടി പൂർത്തിയാക്കി പാർക്ക് തുറന്ന് നൽകാനാകും.'
-സനീഷ് ജോർജ് (നഗരസഭ ചെയർമാൻ)