തൊടുപുഴ: ബഥേൽ പ്ലാന്റേഷന്റെ ഉടമസ്ഥതതയിലുള്ള തങ്കമല എസ്റ്റേറ്റിൽ നിന്നും വിരമിച്ച തൊഴിലാളിക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റിയും പലിശയും എത്രയും വേഗം ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

സ്വീകരിച്ച നടപടികൾ ഡിസംബർ 30 നകം കമ്മീഷനെ കളക്ടർ രേഖാമൂലം അറിയിക്കണം. കേസ് ഡിസം ബർ 30 ന് പരിഗണിക്കും. വണ്ടിപ്പെരിയാർ വാളാടി കവല സ്വദേശി കെ.ശശിധരന് (68) തുക അനുവദിക്കണമെന്നാണ് ഉത്തരവ്. 2, 92,500 രൂപയും 2016 മുതലുള്ള പലിശയും നൽകണമെന്നാണ് ഉത്തരവ്. എസ്റ്റേറ്റ് വക ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് തുക ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചതായി കോട്ടയം ഡപ്യൂട്ടി ലേബർ കമ്മീഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ കമ്പനി നൽകേണ്ട മറ്റ് കുടിശികകളുടെ കൂട്ടത്തിൽ തനിക്കുള്ള തുകയും ഈടാക്കാൻ ശ്രമിച്ചാൽ വർഷങ്ങളെടുക്കുമെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.