തൊടുപുഴ: നഗരസഭയുടെ 14-ാം പഞ്ചവത്സര പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് മുനിസിപ്പൽതല ആസൂത്രണ സമിതിയോഗം ചേർന്നു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജഷാഹുൽ ഹമീദ്, എം.എ.കരീം, റ്റി.എസ്.രാജൻ, ബിന്ദു പത്മകുമാർ, കൗൺസിലർ സഫിയ ജബ്ബാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.എം.ഷരീഫ് എന്നിവർ പങ്കെടുത്തു. ജനകീയാസൂത്രണം ആരംഭിച്ച കാലയളവ് മുതലുള്ള 25 വർഷത്തെ പ്രവർത്തനങ്ങൾ ആധാരമാക്കി നഗരസഭയുടെ വികസനരേഖ തയ്യാറാക്കും. ഓരോ വികസന മേഖലയിലേയും നിലവിലെ അവസ്ഥ അപഗ്രഥിച്ച് അവസ്ഥാരേഖയും തയ്യാറാക്കും.ആസൂത്രണ സമിതിയോഗത്തിൽ ഉയർന്നുവന്ന വികസനവുമായി ബന്ധപ്പെട്ട ചർച്ചകളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് 22 -ന് രാവിലെ 10 മണി മുതൽ ടൗൺ ഹാളിൽ നടക്കുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ അവതരിപ്പിക്കും.