house
ലൈഫ് പദ്ധതിയിൽ കോവിൽമലയിൽ ആരംഭിച്ച വീട് നിർമ്മാണം മുടങ്ങിയപ്പോൾ

• വീടനുവദിച്ചതിലെ നിയമ ലംഘനം ചൂണ്ടിക്കാണിച്ചത് ചിലയാളുകൾ വളച്ചൊടിക്കുന്നു


കട്ടപ്പന:ട്രൈബൽ സെറ്റിൽമെന്റിൽ ഉൾപ്പെടുന്നകോവിൽമലയിലും മുരിക്കാട്ട് കുടിയിലും കഴിയുന്ന ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ട ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന കുപ്രചരണത്തിനെതിരെ മന്നാൻ സമുദായത്തിന്റെ രാജാവ് രാമൻ രാജമന്നാൻ.താൻ പരാതിപ്പെട്ട വിഷയത്തെ വളച്ചൊടിച്ച് സംഘർഷമുണ്ടാക്കാനാണ് ചില ആളുകൾ ശ്രമിക്കുന്നത്.ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 21 കുടുംബങ്ങൾക്ക് പഞ്ചായത്ത് വീട് അനുവദിച്ചത് നിയമ വിരുദ്ധമായിട്ടെന്ന് രാജാവ് പരാതിപ്പെട്ടിരുന്നു. ഇത്രയുമധികം കുടുംബങ്ങൾക്ക് വീടനുവദിച്ചപ്പോൾ മന്നാൻ സമുദായത്തെ കാഞ്ചിയാർ പഞ്ചായത്ത് മുൻ ഭരണ സമിതി പൂർണ്ണമായും അവഗണിച്ചു. ഒരാൾക്ക് മാത്രമാണ് അക്കാലയളവിൽ വീട് നൽകിയത്. ഈ അനീതിയും ,നിയമ വിരുദ്ധ പ്രവർത്തനങ്ങളും തുടരരുത് എന്നാണ് ഭരണാധികാരികളെ അറിയിച്ചത്. എന്നിട്ടും സമുദായത്തിന് അർഹമായ പരിഗണന ലഭിക്കാതെ വന്നതോടെയാണ് ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് വീട് നിർമ്മിക്കുവാൻ അനുമതി നൽകിയ സ്ഥലം വനാവകാശരേഖ പ്രകാരമുള്ള ഭൂമിയാണെന്ന് ഡി എഫ് ഒ യ്ക്ക് പരാതി നൽകിയത്.ഇതേ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ വനം വകുപ്പ് നിർത്തി വയ്പ്പിച്ചത്. ഇതിന് പിന്നാലെ മന്നാൻ സമുദായത്തിൽ ഉൾപ്പെടാത്ത ജനങ്ങളെ ഒഴിപ്പിക്കാൻ രാജാവ് ശ്രമം നടത്തുകയാണെന്ന പ്രചാരണവും ശക്തമായി.


• കുപ്രചാരണം ആശങ്ക സൃഷ്ടിക്കുന്നു

ആദിവാസികളും മറ്റു വിഭാഗക്കാരും ഇടകലർന്ന് കഴിയുന്ന 1, 2, 16 വാർഡുകളിൽ നിന്നും നാട്ടുകാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജാവ് അധികൃതരെ സമീപിച്ചുവെന്നാണ് പ്രധാനമായും പ്രചരിക്കുന്നത്. ഇതിന്റെപേരിൽ ഈ വാർഡുകളിലെ ജനങ്ങളെ സംഘടിപ്പിച്ച് പുറത്ത് നിന്നുള്ള ആളുകൾ പൊതുയോഗങ്ങൾ പലയിടങ്ങളിൽ നടത്തി കഴിഞ്ഞു.ഇത്തരം അഭ്യൂഹങ്ങൾ ജനങ്ങൾക്കിടയിൽ വൻതോതിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

. 2020 ൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം 21 കുടുംബങ്ങൾക്കും വീടനുവദിച്ചത് ആദിവാസികൾക്ക് വനാവകാശരേഖ പ്രകാരം പതിച്ച് നൽകിയ ഭൂമിയിലാണ്.ആദിവാസികളുടെ പ്രദേശത്ത് ഇതര വിഭാഗക്കാർക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ച് വീടു നിർമിക്കുന്നതിന് അവസരം നൽകുന്നത് നീയമലംഘനമാണ്.താൻ അതിൽ ഉറച്ചു നിൽക്കുന്നു. ട്രൈബൽ വിഭാഗത്തിലെ ജനങ്ങളെ ഭവന പദ്ധതിയിൽ അവഗണിച്ചതാണ് ഈ വിഷയത്തിൽ പരാതിപ്പെടാൻ ഇടയാക്കിയത്. ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്ന ആളായതിനാൽ നിയമ ലംഘനം കണ്ടില്ലെന്ന് നടിയ്ക്കാൻ സാധിച്ചില്ല.തലമുറകളായി ഈ പ്രദേശത്ത് കഴിയുന്ന ആളുകളെ ഇവിടെ നിന്നും ഇറക്കി വിടണമെന്ന് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല.മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ് രാമൻ രാജമന്നാൻ പറഞ്ഞു.