തൊടുപുഴ: ഇന്നലെ വിടവാങ്ങിയ ഡോ: രാമഭദ്ര വാര്യർ ആയുർവേദ വകുപ്പിൽ ദീർഘവീക്ഷണമുള്ള പദ്ധതികൾ നടപ്പിലാക്കിയ ഡയറക്ടറും മികച്ച ഭിഷഗ്വരനുമായിരുന്നു. പ്രമുഖ ആയുർവേദ ചികിത്സകനും റിട്ട. ഭാരതീയ ചികിത്സാ വകുപ്പ് സംസ്ഥാന ഡയറക്ടറുമായിരുന്നു. അക്കാലത്ത് ആയുർവേദ ഡോക്ടർമാരുടെ നേതൃഗുണവും ചികിത്സാ പാടവവും കാര്യക്ഷമമാക്കുന്നതിനുള്ള പരിശീലനങ്ങൾ ഉൾപ്പടെയുള്ള നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി. 2006ലാണ് വിരമിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ, ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഡയറക്ടർ തുടങ്ങിയ വിവിധ തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് ഗവ: ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, ഇടുക്കി ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർച്ചിരുന്നു. മരിക്കുമ്പോൾ തൊടുപുഴയിലെ വാര്യർ ആയുർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ ഡയറക്ടറായിരുന്നു.
ഡോ.ആർ.ആർ.ബി. വാര്യരുടെ വിയോഗത്തിൽ ആയുർവ്വേദ മെഡിക്കൽ അസ്സോസിയേഷൻ ഒഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ഗവ. ആയുർവ്വേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾ അനുശോചിച്ചു.
എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി. വർഗീസ്, കേരള സ്റ്റേറ്റ് ഗവ. ആയുർവ്വേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, ജില്ലാ സെക്രട്ടറി ഡോ. ജിനേഷ് ജെ. മേനോൻ, ഫിസിഷ്യൻ ഡോ. സി.ഡി. സഹദേവൻ, നാഗാർജ്ജുന ആയുർവ്വേദ ഗ്രൂപ്പ് ഡയറക്ടർ ഡോ. സി.എസ്. കൃഷ്ണകുമാർ ,ധന്വന്തരി വൈദ്യശാല മാനേജിംഗ് ഡയറക്ടർ ഡോ. സതീഷ് നമ്പൂതിരി, വെമ്പിള്ളി ആയുർവ്വേദ ഹോസ്പിറ്റൽ ചീഫ് കൺസൾട്ടന്റ് ഡോ: മാത്യൂസ് വെമ്പിള്ളി തുടങ്ങിയവർ അനുശോചിച്ചു.