 
കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനം പി.ജെ. ജോസഫ് എം.എൽ.എഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിൽ കരിമണ്ണൂർ പഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയത്.
വിവിധതരത്തിലുള്ള പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്‌കൂളിന്റെ മുൻവശത്തുള്ള സ്റ്റേജിൽ നാല് ബോക്‌സുകളാണ് ക്രമീകരിച്ചട്ടുള്ളത്. വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോക്‌സുകളിൽ നിക്ഷേപിക്കാവുന്നതാണ്. കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് കവറുകൾ, കട്ടിയുള്ള പ്ലാസ്റ്റിക് കുപ്പികൾ, പെറ്റ് ബോട്ടിലുകൾ, ഉയോഗ ശൂന്യമായ വൃത്തിയുള്ള പേപ്പറുകൾ എന്നിവയാണ് വിദ്യാലയത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന സംവിധാനത്തിലൂടെ ശേഖരിക്കുന്നത്.പഞ്ചായത്തംഗം ബൈജു വറവുങ്കൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, സ്‌കൗട്ട്‌സ് മാസ്റ്റർ സോജൻ അബ്രഹാം എന്നിവർ പ്രസംഗിച്ചു.