തൊടുപുഴ: അനുദിനം വളർന്നു വരുന്ന തൊടുപുഴ നഗരത്തിൽ മോർ ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം അഴിയാകുരുക്കായി മാറുന്നു. നഗരത്തിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങൾ ഇവിടെ ഏറെ നേരം കാത്ത് കിടന്ന ശേഷം മാത്രമാണ് മുന്നോട്ട് നീക്കാനാവുക. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുക പതിവാണ്. വാഹനത്തിരക്ക് പരിഗണിച്ച് നഗരത്തിൽ രാവിലെ മുതൽ രാത്രി വരെയും ട്രാഫിക് പൊലീസ് ഡ്യൂട്ടിക്കുണ്ടെങ്കിലും അതൊന്നും കുരുക്കിന് പരിഹാരമാകുന്നില്ല. മിക്കവാറും സമയങ്ങളിൽ പൊലീസിനും ഫലപ്രദമായി ഇവിടെ ഗതാഗത നിയന്ത്രണം നടത്താനാവുന്നില്ല എന്നതാണ് അവസ്ഥ. രാവിലെ എട്ടര മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമുള്ള ഗതാഗത തിരക്കിനിടെ പലപ്പോഴും കാര്യങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിൽ നിൽക്കാറില്ല. ഏറെ നേരം വാഹനവുമായി കാത്ത് നിൽക്കുന്നവർ പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ലംഘിക്കുന്നതും പതിവ് കാഴ്ച്ചയാണ്. നിശ്ചിത സമയക്രമം എന്നതിലുപരി വാഹന നിരയുടെ വലിപ്പമനുസരിച്ചാണ് പൊലീസ് പലപ്പോഴും വിവിധ ദിശകളിൽ നിന്നെത്തുന്ന വാഹനങ്ങൾ തടഞ്ഞിടുന്നത്. ഇതിന്റെ സമയ ദൈർഘ്യമനുസരിച്ച് വാഹന ഡ്രൈവർമാർ പൊലീസുമായി തർക്കിക്കുന്നതും പതിവാണ്.
നാല് ദിശകളിലേക്കും റോഡുള്ള ഇവിടെ അമ്പത് മീറ്റർ ചുറ്റളവിൽ മൂന്ന് ബസ് സ്റ്റോപ്പുകളും രണ്ട് വെയിറ്റിങ് ഷെഡുകളുമാണുള്ളത്. ഇടുക്കി റൂട്ടിലേക്കും കിഴക്കൻ മേഖലയിലേക്കുമുള്ള റൂട്ടുകളിലെ സ്റ്റോപ്പുകളിൽ ബസ് നിർത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങളുടെ നീണ്ട നിരയും രൂപപ്പെടും. വീതിയില്ലാത്തതിനാലും ഓവർടേക്കിങ്ങ് സാദ്ധ്യമല്ലാത്തതിനാലും ഇത്തരത്തിലുണ്ടാകുന്ന കുരുക്കഴിയണമെങ്കിൽ നിർത്തിയ ബസ് മുന്നോട്ടെടുക്കണം. ഗതാഗത ക്രമീകരണത്തിനായി നഗരത്തിന്റെ വിവിധയിടങ്ങളിൽ ഓട്ടോമാറ്റിക് സിഗ്‌നൽ ലൈറ്റ് നിർമ്മിച്ചപ്പോൾ ഇവിടെ നാല് ദിശകളിലും ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിപ്പോൾ പ്രവർത്തിക്കുന്നില്ല. ബസ് സ്റ്റോപ്പുകൾ തമ്മിൽ അധിക ദൂരമില്ലാത്തതിനാൽ ഇവിടെ സ്ഥാപിച്ച ഓട്ടോമാറ്റിക് സിഗ്‌നൽ ലൈറ്റും ഗതാഗത കുരുക്ക് അതി രൂക്ഷമാക്കി. നിർമ്മാണം പൂർത്തിയാക്കി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പ്രവർത്തന സജ്ജമായാൽ മോർ ജംഗ്ഷനിലെ തിരക്ക് ഇപ്പോഴത്തേത്തിന്റെ ഇരട്ടിയാകുമെന്നുറപ്പാണ്. ജങ്ഷനിൽ നിന്നും മുപ്പത് മീറ്ററുകൾക്കുള്ളിലാണ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള വഴികൾ. സ്റ്റാൻഡിലേക്കുള്ള യാത്രക്കാരുടെ വരവും പ്രതിസന്ധി രൂക്ഷമാക്കുമെന്നുറപ്പാണ്.

അപകടങ്ങളും
തർക്കങ്ങളും പതിവ്
ഗതാഗത ക്രമീകരണത്തിനായി പൊലീസ് തടഞ്ഞിടുന്ന വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ നിയന്ത്രണം തെറ്റിച്ചെത്തുന്ന വാഹനങ്ങളുമായി മറ്റ് വാഹനങ്ങൾ കൂട്ടിയിടിക്കുക പതിവ് കാഴ്ചയാണ്. ഇതേച്ചൊല്ലിയുള്ള തർക്കങ്ങളും വെല്ലുവിളികളും വീണ്ടും ഗതാഗത കുരുക്കിനിടയാക്കുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും ഇത്തരത്തിൽ അപകടത്തിൽപ്പെടാറുള്ളത്.