തൊടുപുഴ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് 26 മുതൽ ജില്ലയിൽ മൂന്നിടങ്ങളിലായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മിനി, സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിലെ വിവിധ ക്ലബുകൾ, സംഘടനകൾ, സ്‌കൂൾ, കോളേജ്, ഇതര സ്ഥാപനങ്ങൾ എന്നിവർക്കും ടീമുകളെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ആൺ, പെൺവിഭാഗത്തിൽ മത്സരമുണ്ട്. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കും.കാഞ്ഞാറിലെ വിജിലന്റ് ക്ലബ് സ്‌റ്റേഡിയത്തിൽ ഡിസംബർ 28, 29 തീയതികളിലായി മിനി, സബ് ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങളും 30ന് യൂത്ത് വിഭാഗം മത്സരങ്ങളും അരങ്ങേറും. 2008 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്ക് മിനി വിഭാഗത്തിലും 2006 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് സബ് ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം. 2004 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും 2001 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് യൂത്ത് വിഭാഗത്തിലും പങ്കെടുക്കാം. സീനിയർ വിഭാഗത്തിലെ ഹൈറേഞ്ച്തല മത്സരങ്ങൾ ജനുവരി ആറ്, ഏഴ് തീയതികളിൽ വാഴത്തോപ്പിലും ലോറേഞ്ച്തല മത്സരങ്ങൾ ഡിസംബർ 26ന് തൊടുപുഴ പട്ടയംകവലയിലും സംഘടിപ്പിക്കും. ഏട്ട്, ഒമ്പത് തീയതികളിൽ കാഞ്ഞാറിൽ ഇന്റർസോൺ മത്സരം നടത്തും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ സമ്മാനദാനം നിർവഹിക്കും. ഈ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മികച്ച കളിക്കാരെ സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. നിശ്ചിത എൻട്രി ഫോറം പൂരിപ്പിച്ച് idukkisportscouncil@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിലംഗം കെ.എൽ. ജോസഫ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ്, ജനറൽ കൺവീനർ സാബു മീൻമുട്ടി, വൈസ് ചെയർമാൻ അനിയൻകുഞ്ഞ്, സ്‌പോർട്‌സ് കൗൺസിലംഗം പി.ബി. സബീഷ്, ജോയിന്റ് കൺവീനർ ഇസ്മയിൽ, സംഘാടകസമിതി ഭാരവാഹികളായ സൈജൻ ടി. രാഘവൻ, കെ.കെ.ആർ റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.