തൊടുപുഴ: വസ്ത്രവ്യാപാരമേഖലയിൽ ജനുവരി മുതൽ ജി.എസ്.ടി നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ 28ന് കട്ടപ്പനയിലെ ജി.എസ്.ടി ആഫീസിനു മുമ്പിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ടെക്‌സ്റ്റെൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ 10.30ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വസ്ത്രനികുതി അഞ്ചു ശതമാനത്തിൽ നിന്ന് 12 ആക്കി ഉയർത്താനാണ് നീക്കം. ഇത് വസ്ത്രവ്യാപാരമേഖലയ്ക്ക് തിരിച്ചടി സമ്മാനിക്കും. ഓൺലൈൻ വ്യാപാരമേഖലയുടെ തള്ളികകയറ്റത്തിൽ നട്ടംതിരിയുന്ന ചെറുകിട വസ്ത്രവ്യാപാരികൾക്ക് ജി.എസ്.ടി നിരക്ക് വർദ്ധന ഇരുട്ടടിയാണ്. നികുതി വർദ്ധിപ്പിക്കുന്നതിലൂടെ വസ്ത്രങ്ങളുടെ വിലയും ഉയരും. ഇത് ഉപഭോക്താക്കളെയും ബാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അഞ്ചു ശതമാനം മാത്രം നികുതി നൽകി കടകളിൽശേഖരിച്ചു വെച്ചിട്ടുള്ള തുണിത്തരങ്ങൾക്കും ജനുവരി ഒന്നുമുതൽ 12 ശതമാനം നികുതി അടയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ലക്ഷങ്ങളുടെ സ്റ്റോക്ക് കൈവശമുള്ള സ്ഥാപനങ്ങൾക്ക് ഇത് താങ്ങാൻ കഴിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികളായ കെ.പി. ഷെമീർ, എം.ബി. താജു, അനസ് അസീസ്, സി.കെ. അബ്ദുൽഷെരീഫ്, ജോബിൻ റോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.