-p-t-thomas

2013 ൽ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെ ചൊല്ലിയുളള വിവാദം കത്തിനില്‌ക്കുന്ന കാലം. കുടിയേറ്റ മേഖലയും കത്തോലിക്കാസഭയും റിപ്പോർട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു. കോൺഗ്രസും മറ്റ് പാർട്ടികളും വോട്ടുബാങ്ക് ഓർത്ത് സഭയ്ക്ക് ഓശാന പാടുന്നു. പക്ഷേ, ഒരാൾ മാത്രം ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നു. അത് നടപ്പാക്കണമെന്ന് വാദിക്കുന്നു. ഇടുക്കി എം.പിയായിരുന്ന പി.ടി തോമസ്. അന്ന് പി.ടി വാർത്താസമ്മേളനങ്ങൾക്കും പൊതുയോഗങ്ങൾക്കും വരുമ്പോൾ ഒരു ലേഖനം കൈയിൽക്കാണും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ഫ്രാൻസിസ് മാർപ്പാപ്പ എഴുതിയ ലേഖനം. ഇത് വായിച്ചാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കുന്ന മെത്രാന്മാരെ നേരിടുന്നത്. ഉപ്പുതോട് സ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോൾ മുതൽ ഇങ്ങനെ തന്നെയായിരുന്നു ആ മനുഷ്യൻ. നിലപാടുകൾ വെട്ടിത്തുറന്നു പറയും. പള്ളിയും പാതിരിയും പി.ജെ. ജോസഫുമൊക്കെ ആ നിലപാടിന്റെ ചൂടറിഞ്ഞവർ. പാർട്ടി തള്ളിപ്പറഞ്ഞാലും സീറ്റ് നിഷേധിച്ചാലും ഒന്നും നിലപാട് തറയിൽ നിന്ന് അണുവിട മാറില്ല. പട്ടക്കാരെ ദൈവത്തെപ്പോലെ കാണുന്ന കുടിയേറ്റ ക്രിസ്ത്യാനി കുടുംബത്തിൽ പിറന്നിട്ടും പി.ടി. തോമസിന്റെ സഞ്ചാരം വഴിമാറിയായിരുന്നു.

2009- 2014 കാലഘട്ടത്തിൽ പി.ടി. തോമസ് ഇടുക്കി എം.പിയായിരിക്കെയാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസർക്കാർ മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ കൊണ്ടുവരുന്നത്. യു.പി.എ സർക്കാർ കൊണ്ടുവന്ന റിപ്പോർട്ടായിട്ടും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും കത്തോലിക്കാ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയടക്കമുള്ള കർഷക സംഘടനകളും റിപ്പോർട്ടിനെ നഖശിഖാന്തം എതിർത്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് റിപ്പോർട്ട് നടപ്പാക്കണമെന്നായിരുന്നു തോമസിന്റെ ഉറച്ച നിലപാട്. ഇതോടെ ഇടുക്കിയൊന്നാകെ പി.ടിക്ക് എതിരായി. അന്നത്തെ ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ തോമസിനെതിരെ പരസ്യമായി രംഗത്തെത്തി. പരിസ്ഥിതി തീവ്രവാദിയായി മുദ്രകുത്തി സി.പി.എം പിന്തുണയുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതി പ്രതീകാത്മകമായി പി.ടി. തോമസിന്റെ ശവഘോഷയാത്ര നടത്തി. സ്വന്തം പാർട്ടിയിൽ നിന്ന് പോലും അദ്ദേഹത്തെ ആരും പിന്തുണച്ചില്ല. സഭയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പി.ടി.ക്ക് പാർട്ടി സീറ്റ് നിഷേധിച്ചു. രണ്ട് തവണ എം.പിയായ ഫ്രാൻസിസ് ജോർജിനെ 74796 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ച കരുത്തനെയാണ് പാർട്ടി കൈയൊഴിഞ്ഞത്. പകരം കാസർഗോഡ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകി. മറുത്തൊരു വാക്ക് പറയാതെ പി.ടി ഇടുക്കി വിട്ടു. പ്രിയ ശിഷ്യൻ ഡീൻ കുര്യാക്കോസായിരുന്നു പകരക്കാരൻ. താൻ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ച് ഒരു വ്യക്തി തന്ന 25,000 രൂപ ഡീനിന് നൽകിയാണ് ഇടുക്കി വിട്ടതെന്ന് പി.ടി പിന്നീട് പറഞ്ഞിട്ടുണ്ട്. ഡീൻ കുര്യാക്കോസിന്റെ പ്രചാരണത്തിൽ പോലും സിറ്റിംഗ് എം.പിയായിരുന്നിട്ടും പി.ടിയെ അടുപ്പിച്ചില്ല. കാസർഗോഡ് ടി. സിദ്ധിഖിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതം മുതലാണ് ശരീരം പി.ടിയെ തളർത്തിതുടങ്ങിയത്.

ഒരിക്കൽ രക്ത ഗ്രൂപ്പു പോലെ കരുതിയ എ ഗ്രൂപ്പിൽ നിന്നും മെല്ലെ അകന്നു. അല്ലെങ്കിൽ അകറ്റി. പിറന്നനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട്, ശാരീരികമായി തളർന്ന പി.ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്ന് ഇതോടെ എല്ലാവരും വിധിയെഴുതി. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരൻ പക്ഷേ, പി.ടിയെ കൈവിട്ടില്ല. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ എറണാകുളത്തെ തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്ക് ഉയിർത്തെഴുന്നേറ്റ പി.ടിയെ കോൺഗ്രസുകാർ പോലും അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ലോക്‌സഭാ സീറ്റടക്കം നഷ്ടമായിട്ടും പ്രിയപ്പെട്ടവർ തള്ളിപ്പറഞ്ഞിട്ടും അവസാന ശ്വാസം വരെ നിലപാടിൽ നിന്ന് ഒരിഞ്ച് അദ്ദേഹം പിന്നോട്ട് പോയില്ല. കൊടുങ്കാറ്റിലും ഉരുൾപൊട്ടലിലും തളരാത്ത മലയോര കർഷകന്റെ നെഞ്ചുറപ്പാണത്.

ഇടനെഞ്ചിൽ ഇടുക്കിയുണ്ട്

ഒരു ഘട്ടത്തിൽ തള്ളിപ്പറഞ്ഞെങ്കിലും ഇടുക്കിയ്ക്ക് എന്നും പി.ടിയുടെ ഇടനെഞ്ചിലിടമുണ്ടായിരുന്നു. അദ്ദേഹത്തോട് ചെയ്ത അനീതി ബോധ്യപ്പെട്ട കോൺഗ്രസുകാരും പിന്നീട് തെറ്റ് മനസിലാക്കി പശ്ചാത്തപിച്ചത് ചരിത്രം. മരിക്കുംവരെ ഇടുക്കിയിലെ കോൺഗ്രസിന്റെ അവസാന വാക്ക് പി.ടി തന്നെയായിരുന്നു. ഇടുക്കിയിലെ ഏത് പരിപാടിക്കും അദ്ദേഹം ഓടിയെത്തുമായിരുന്നു. പി.ടി എത്തിയെന്നറിഞ്ഞാൽ നിമിഷ നേരംകൊണ്ട് ചുറ്റും പ്രവർത്തകരെക്കൊണ്ട് നിറയുമായിരുന്നു. ശൂന്യതയിൽ നിന്ന് ആളെ കൂട്ടുന്ന നേതാവെന്ന വിശേഷം പി.ടിക്ക് മാത്രം സ്വന്തം. ഒരു മാസം മുമ്പ് ജ്യേഷ്ഠസഹോദരൻ ഔസേപ്പച്ചന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനാണ് അനാരോഗ്യം വകവച്ച് പിടി അവസാനമായി ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിയത്.

പഠനം മുടങ്ങി, ബീഡ് തെറുപ്പുകാരനായി

പി.ടി. തോമസിന് 12 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം പാലാ പ്ലാശനാലിൽ നിന്ന് ഇടുക്കി ഉപ്പുതോട് പൂതക്കുഴി സിറ്റിയിലെത്തുന്നത്. നാട്ടുകാർ തൊമ്മേട്ടൻ എന്നുവിളിക്കുന്ന പുതിയപറമ്പിൽ തോമസും ഭാര്യ അന്നമ്മയും അഞ്ചുമക്കളുമായിരുന്നു കുടുംബം. 15 ഏക്കറോളം ഭൂമി വെട്ടിപ്പിടിച്ച് കാട്ടുമൃഗങ്ങളോട് മല്ലടിച്ചാണ് തൊമ്മേട്ടനും കുടുംബവും കഴിഞ്ഞത്. പി.ടി അന്ന് ഏഴാം ക്ലാസ് പാസ്. തുടർപഠനത്തിന് ഉപ്പുതോട്ടിലോ സമീപ പ്രദേശങ്ങളിലോ അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നില്ല. ഇതോടെ ജ്യേഷ്ഠ സഹോദരൻ ഔസേപ്പച്ചനെ കൃഷിയിലും അദ്ദേഹം നടത്തിയിരുന്ന ചായക്കടയിലും സഹായിച്ചിരുന്നു. പിതാവിന്റെ കടയിലെത്തുന്നവരുമായി വളരെ സൗഹൃദത്തിലായിരുന്ന പി.ടി ഇക്കാലയളവിൽ ബീഡി തെറുപ്പു പഠിച്ചു. ഇതിനുശേഷം ബീഡി തെറുപ്പ് വരുമാന മാർഗമാക്കുകയായിരുന്നു. ഒരു ദിവസം 800 ബീഡി വരെ തെറുത്തിരുന്നു. ഇതിനിടെ അഞ്ചു വർഷത്തിനുശേഷം പാറത്തോട് ഹൈസ്‌കൂൾ ആരംഭിച്ചു. ഉപ്പുതോട്ടിൽ നിന്ന് 18 കി.മീറ്റർ നടന്നാണ് പാറത്തോട്ടിലെത്തിയിരുന്നത്. പല ദിവസങ്ങളിലും ഉച്ചയ്ക്ക് പട്ടിണിയായിരുന്നു. പഠനമികവും വാക്‌സാമർത്ഥ്യവും കൊണ്ട് സ്‌കൂൾ ലീഡറായി. സ്‌കൂൾ പഠനകാലത്ത് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായതാണ് രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം. പാറത്തോട്ടിലെ പഠനകാലത്ത് എ.കെ ആന്റണിയുമായും ബന്ധപ്പെടാൻ അവസരം ലഭിച്ചു. സ്‌കൂളിൽ നടന്ന മീറ്റിംഗിനിടെ പി.ടിയുടെ പ്രസംഗം എ.കെ. ആന്റണി ശ്രദ്ധിച്ചു. കഴിവുകൾ മനസിലാക്കി ആന്റണി രാഷ്ട്രീയ പ്രവർത്തനത്തിന് പ്രോത്സാഹനം നല്‌കി. പിന്നീട് തിരുവനന്തപുരം മാർ ഇവാനിയോസ്, തൊടുപുഴ ന്യൂമാൻ കോളേജ്, എറണാകുളം മഹാരാജാസ്, എറണാകുളം ഗവ. ലാ കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് എം.എ, എൽ.എൽ.ബി കരസ്ഥമാക്കി.

ഡിഗ്രിക്ക് പഠിക്കുമ്പോൾ അമ്മയുണ്ടാക്കിയ പലഹാരങ്ങൾ ബേക്കറികളിൽ കൊടുത്തു പണം കണ്ടെത്തിയതായും കൂട്ടുകാർ പറയുന്നു. ഉപ്പുതോട്ടിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ചെറുപ്പക്കാരെ ഒപ്പം കൂട്ടി 15 കിലോമീറ്റർ നടന്ന് ഇടുക്കിയിൽ സിനിമ കാണാൻ വരുമായിരുന്നു. ഉപ്പുതോട്ടിൽ ലൈബ്രറി സ്ഥാപിച്ച് സ്ഥിരം ഭാരവാഹിയായിരുന്നു. ഇവിടെ നിന്നാണ് ലൈബ്രറി സംസ്ഥാന ഭാരവാഹിയായത്. ഉപ്പുതോട് റോഡ്, യൂണിയൻ ബാങ്ക്, സിവിൽ സപ്ലൈസ് സ്‌റ്റോർ എന്നിവ പി.ടിയുടെ സംഭാവനകളാണ്.