
തൊടുപുഴ:അയൽവാസിയായ ബാലികയെ നാലു വർഷം നിരന്തരം പീഡിപ്പിച്ച യുവാവിന് 50 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും. ഇടുക്കി തങ്കമണി സ്വദേശി സോജനെയാണ്(33) ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി .ജി വർഗീസ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷകൾ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ കഠിനതടവ് 20 വർഷമായി ചുരുങ്ങും.
എട്ടു വയസുകാരിയെ പന്ത്രണ്ടു വയസു വരെ നിരന്തരമായി പ്രതി പീഡിപ്പിച്ചിരുന്നു. സ്‌കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസിന് പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസലിങിലാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. കമ്മിറ്റിയുടെ പരാതി പ്രകാരം തങ്കമണി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിനും കുറ്റം ഒന്നിലേറെ തവണ ആവർത്തിച്ചതിനും 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ലൈംഗികാതിക്രമവും കുറ്റകൃത്യത്തിന്റെ തീവ്രതയും പരിഗണിച്ച് അഞ്ചു വർഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം തടവു കൂടി അനുഭവിക്കണം. പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴ ബാലികയ്ക്ക് നൽകാനും ഉത്തരവിട്ടു. കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിയമപ്രകാരമുള്ള അര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് .എസ് .സനീഷ് ഹാജരായി.