ഇടുക്കി: അടിമാലി -കുമളി ദേശീയപാതയിൽ 52.76 കോടിയുടെ പ്രവർത്തികൾക്ക് അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻഅറിയിച്ചു. മലയോര മേഖലകളിൽ കൂടി കടന്നുപോകുന്ന ദേശീയപാതയായ അടിമാലികുമളി റോഡിലെ ഡബിൾ കട്ടിംഗ് മുതൽ വെള്ളയാംകുടി വരെയുള്ള ഭാഗം നവീകരണത്തിന് 22.44 കോടിയും വള്ളക്കടവ് മുതൽ ചെളിമട വരെയുള്ള ഭാഗം നവീകരണത്തിന് 30.32 കോടി രൂപയും അനുവദിച്ച് ഉത്തരവായതായി മന്ത്രി അറിയിച്ചു.
ജില്ലയിലെ തന്നെ പ്രധാന റോഡായ അടിമാലികുമളി റോഡിൽ പ്രളയത്തെ തുടർന്ന് അപകടകരമായി നിൽക്കുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടുന്നതിനും റോഡുകളും പാലങ്ങളും നവീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ജില്ലയിലെ റോഡുകളുടെ അവലോകനത്തിനായി ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ പദ്ധതികൾക്ക് വേഗത്തിൽ അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്തിന് ലഭിച്ച ഏഴ് പദ്ധതികളിൽ ഇടുക്കിയിലൂടെ കടന്നുപോകുന്ന ദേശീയപാത 185 ലെ രണ്ട് ഭാഗങ്ങൾ കൂടി നവീകരിക്കുന്നതിന് തുക അനുവദിച്ചത്.
കലുങ്ക് നിർമ്മാണം, ഐറിഷ് ഓട നിർമ്മാണം, കേടുപാട് സംഭവിച്ചയിടങ്ങളിൽ റീടാറിംഗ്, സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ പ്രവർത്തികൾ നടപ്പിലാക്കുന്നതിനുള്ള എസ്റ്റിമേറ്റിനാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.