
തൊടുപുഴ: ' ഇല്ല, ഇല്ല മരിച്ചിട്ടില്ല, ഞങ്ങടെ പി.ടി മരിച്ചിട്ടില്ല...'' കണ്ഠമിടറി കണ്ണുനിറഞ്ഞ് പാതിയിൽ മുറിഞ്ഞ് പോകുന്ന മുദ്രാവാക്യം വിളികൾ. ''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം....' എന്ന ഗാനത്തിന്റെ അകമ്പടി. പി.ടി. തോമസിന്റെ പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ഭൗതികശരീരം, മുമ്പ് ഓടി നടന്ന ജന്മനാട്ടിലെ ഹൃദയവീഥിയിലൂടെ മെല്ലെ നീങ്ങി.
പി.ടി യുടെ മരണവാർത്ത അറിഞ്ഞതു മുതൽ ഇടുക്കി ഉറങ്ങിയിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നും അതിർത്തിമേഖലയിലൂടെ ഇടുക്കി ഉപ്പുതോട്ടിലെ ജന്മനാട്ടിലെത്തിച്ച മൃതദേഹം ഒരു നോക്ക് കാണാനായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അർദ്ധരാത്രിയിലും പുലർച്ചെയുമെല്ലാം വലിയ ജനാവലി കാത്തു നിന്നിരുന്നു. ആദരാഞ്ജലികളർപ്പിക്കാൻ എത്തിയവരുടെ തിരക്കിനാൽ മുൻകൂട്ടി തീരുമാനിച്ചതിനെക്കാൾ വൈകിയാണ് ഓരോ കേന്ദ്രങ്ങളിലും വിലാപയാത്ര എത്തിയത്.
പുലർച്ചെ രണ്ട് മണി കഴിഞ്ഞു പി.ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കമ്പംമെട്ട് ചെക് പോസ്റ്റിൽ എത്തുമ്പോൾ. ഒരു പോള കണ്ണടയ്ക്കാതെ ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ അവിടെ കാത്തുനിന്നത്. അന്തരീക്ഷത്തിലെങ്ങും കണ്ഠമിടറി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ മുഴങ്ങി. കളക്ടർ ഷീബാ ജോർജ്, ഡീൻ കുര്യാക്കോസ് എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ., ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു എന്നിവർ ചേർന്ന് ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടർന്ന് കമ്പംമെട്ടിലെ കെ.ജി.എം. ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുറന്ന ആംബുലൻസിലാണ് ഭൗതിക ശരീരം ജന്മനാടായ ഉപ്പുതോടിലേക്ക് കൊണ്ടുപോയത്. കട്ടപ്പനയിൽ കാത്തുനിന്ന പ്രവർത്തകരും നാട്ടുകാരും പ്രിയനേതാവിനെ ഒരു നോക്കു കണ്ടു. ഉപ്പുതോട്ടിലെ പുതിയാപറമ്പിൽ വീട്ടിൽ പുലർച്ചെ നാലരയോടെയാണ് എത്തിയത്. ആ സമയത്തും ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഇടുക്കി ഡി.സി.സി ഓഫീസിലെ പൊതുദർശനത്തിന് ശേഷം, ദീർഘകാലം കർമ മണ്ഡലമായിരുന്ന തൊടുപുഴയിലേക്ക്. പുലർച്ചെ നാല് മുതൽ സ്ത്രീകളടക്കം ആയിരങ്ങളാണ് ഇവിടെ കാത്ത് നിന്നത്. പ്രിയ നേതാവിന്റെ ചേതയറ്റ ശരീരം കണ്ടതോടെ അവരിൽ പലരും വാവിട്ടു കരഞ്ഞു. തൊടുപുഴയിൽ നിന്ന് എട്ടരയോടെയാണ് മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയത്.