കാഞ്ഞാർ: കൈപ്പ ഞാവള്ളിക്കുന്നേൽ എം.ടി.ചാക്കോയുടെ ആൾ താമസമില്ലാത്ത വീട് തീയിട്ട് നശിപ്പിച്ചതായി പരാതി .ബുധനാഴ്ച രാത്രിയിലാണ് സംഭവം.100 കിലോ റബർ, 50 കിലോ ഒട്ടുപാൽ, കട്ടിൽ, വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ,പഴയ പാത്രങ്ങൾ എന്നിവ കത്തിനശിച്ചു .പ്രദേശത്തേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ, ചക്കോയും കുടുബവും ഒന്നര കിലോമീറ്റർ താഴെ വാടയ്ക്ക് താമസിക്കുകയാണ്. റബർ കൃഷിയാണ് പുരയിടത്തിൽ ഉള്ളത് .സംഭവം നടന്ന ദിവസവും ചാക്കോ പുരയിടത്തിൽ വന്ന് റബർ വെട്ടി ഷീറ്റാക്കി തിരിച്ച് പോയതാണ്. രാത്രി 8 മണിയോടെയാണ് വീടിന് തീപിടിച്ചതായി അറിയുന്നത്.വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ ഇല്ല . സമീപവാസി മനപൂർവം തീയിട്ടതാണെന്ന് ചാക്കോ കാഞ്ഞാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.ചാക്കോയും കുടുബവും വാടകയ്ക്ക് മാറിയപ്പോൾ അത്യാവശ്യ വീട്ടുപകരണങ്ങൾ മാത്രമേ കൊണ്ടു പോയിരുന്നുള്ളൂ. ബാക്കി വീട്ടുപകരണങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇവയെല്ലാം കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുടമസ്ഥൻ ചാക്കോ പറഞ്ഞു.കാഞ്ഞാർ എസ്ഐ ജിബിൻ തോമസിൻ്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമാകൂവെന്ന് കാഞ്ഞാർ എസ്ഐ പറഞ്ഞു.