നെടുങ്കണ്ടം : കുമളി -മൂന്നാർ സംസ്ഥാന പാതയിൽ രണ്ട് വാഹനാപകടങ്ങളിലായി 5 പേർക്ക് പരുക്ക്. ബുധനാഴ്ച വൈകുന്നേരം നെടുങ്കണ്ടം ടൗണിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ എറണാകുളത്തെയും കോട്ടയത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ചേമ്പളത്താണ് രണ്ടാമത്തെ വാഹനപകടം ഉണ്ടായത്. ചേമ്പളത്തുണ്ടായ അപകടത്തിൽ പച്ചടി സ്വദേശിയായ വിദ്യാർഥിക്ക് പരുക്കേറ്റ്. കാലിന് പൊട്ടലുണ്ട്. നെടുങ്കണ്ടത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ് വഴിയിൽ കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന പരാതിയുണ്ട്. അപകടങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം ടൗണിൽ വാഹനാപകടങ്ങൾ പെരുകി വരികയാണ്. ട്രാഫിക് സംവിധാനമോ സി.സി.ടി.വി നിരീക്ഷണവോ ഇല്ലാത്തതും അമിതവേഗതയും അപകടത്തിന് കാരണമാകുന്നു. ചേമ്പളത്തും സമാനമായ സാഹചര്യമാണ്. വിദ്യാർഥിക്ക് അപകടത്തിൽ പരുക്കേറ്റ സ്ഥലം നിരന്തര അപകടങ്ങളുടെ വേദിയാണ്. ഏകദേശം 30 വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് ഇവിടുത്തെ പ്രശ്‌നം. വേഗ നിയന്ത്രണ ബോർഡും അപകട സൂചന മുന്നറിയിപ്പും മേഖലയിൽ സ്ഥാപിക്കണമെന്നാണ് ആവശ്യം.