തൊടുപുഴ: പി. ടി പതിറ്റാണ്ടുകളോളം നടന്ന വഴികളിലൂടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയപ്പോൾ ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഇന്നലെ പുലർച്ചെ മുതൽ ഒഴുകിയെത്തിയത്. മലയോര ജനതയുടെ മാനസപുത്രൻതന്നെ പി. ടി തോമസ് എന്ന് അരക്കെട്ടുറപ്പിക്കുംവിധമായിരുന്നു പൊതുർശനത്തിന് വച്ച ഇടങ്ങളിലെല്ലാംആ സ്നേഹവായ്പ്പ് പ്രകടമായത്.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് സംസ്ഥാന അതിർത്തിയിൽ പുലർച്ചെ രണ്ട്മണിയോടെ എത്തിയ ഭൗതിക ശരീരം ജില്ലാ കളക്ടർ ഷീബാ ജോർജും ഡീൻ കുര്യാക്കോസ് എം പി യും ചേർന്ന് ഏറ്റുവാങ്ങി .പി. ടി. എന്നും നെഞ്ചോട് ചേർത്ത പശ്ഛിമഘട്ടത്തിലൂടെയായിരുന്നു ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര.
മൂന്നുമണിയോടെ കൊടുംതണുപ്പിനിടെ കട്ടപ്പന ടൗണിലേക്ക് ആമ്പുലൻസ് എത്തിയതോടെ അതുവരെ അടക്കിപ്പിടിച്ച വികാരം തേങ്ങലും അലമുറയായി മാറി.പിന്നീട് ഭൗതിക ശരീരം ഇടുക്കി ഉപ്പുതോടിലെ വീട്ടിലേക്ക്. പുലർച്ചെ നാലരയോടെയാണ് ഭൗതികദേഹം കുടുംബ വീടായ പുതിയാപറമ്പിൽ എത്തിച്ചത്.
ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, ഡീൻ കുര്യാക്കോസ് എം.പി. കെ.പി.സി.സി. സെക്രട്ടറി അഡ്വ.എസ്. അശോകൻ ഉൾപ്പെടെയുള്ളവർ ബുധനാഴ്ച ഉച്ചയോടെ എത്തി പൊതു ദർശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എംഎൽ.എമാരായ മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ , മുൻ എം.എൽ.എ വി.പിസജീന്ദ്രൻ, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോർജ് കല്ലറങ്ങാട്ട്, സി.എസ്.ഐ. ഈസ്റ്റ് കേരള മഹാഇടവക ബിഷപ്പ്, സി.എസ്.ഫ്രാൻസിസ്, ഉപ്പുതോട് പള്ളി വികാരി ഫാ.ഫിലിപ്പ് പെരുന്നാട്ട്. അഡ്വ. ഇ.എം. ആഗസ്തി, എ.പി. ഉസ്മാൻ , റോയി കെ. പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ എം.എൻ ഗോപി , രാജി ചന്ദ്രൻ ,ഷൈനി സജി, ജോസ് ഊരക്കാട്ട്, കെ.ബി സെൽവം ബിജോ മാണി, എം.ഡി. അർജ്ജുനൻ തുടങ്ങിയവർ ആദരഞ്ജലി അർപ്പിച്ചു.

പിന്നീട് ഏറെ വൈകി ഭൗതിക ശരീരം തൊടുപുഴയിലേക്ക്. റോഡിനിരുവശവും പുലർച്ചതന്നെ നൂറുകണക്കിനാളുകളാണ് പിടിയെ അവസാനമായി ഒന്നു കാണാൻ കാത്തുനിന്നത്. ഏറെ വൈകി എട്ടുമണിയോടെ ഭൗതിക ശരീരം തൊടുപുഴയിൽ രാജീവ് ഭവനിൽ എത്തിച്ചു. പതിറ്റാണ്ടുകൾ പിടിയുടെ തട്ടകമായ തൊടുപുഴയിൽ പാർട്ടി പ്രവർത്തകർ കണ്ഠമിടറിയുള്ള മുദ്രാവാക്യം വിളികളോടെ വരവേറ്റു. പി. ജെ. ജോസഫ് എം. എൽ. എ , മാണി സി.കാപ്പൻ എം.എൽ.എ, സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻ, ജോണി നെല്ലൂർ,കെ. സലിംകുമാർ, പി. പി. ജോയി, ടി. എം സലിം പി.സി.ജോസഫ്, ജോൺ നെടിയപാല, എൻ.ഐ.ബെന്നി, ജോഷി ജേക്കബ് എന്നിവരടക്കം പ്രമുഖ നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു.
വിങ്ങിപ്പൊട്ടലോടെയാണ് പല പാർട്ടി പ്രവർത്തകരും പിടിയെ അവസാനമായി കാണാനെത്തിയത്. പിടിയുടെ കർമ്മ മണ്ഡലമായ ഇടുക്കി പിടിയെ യാത്രയാക്കിയത് ഇടക്കാലത്ത് അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിന്റെ വേദനകൂടി ഉൾകൊണ്ടാണെന്ന് വ്യക്തം. ഒരു ജനകീയ നേതാവിന് ലഭിക്കുന്ന എല്ലാ ആദരവും നൽകി ഏവരുടെയും പ്രിയപ്പെട്ട പി. ടി യെ മലയോര ജനത കണ്ണീരിൽ കുതിർന്ന വിടനൽകി.