കുമാരമംഗലം: വിഷരഹിത മത്സ്യം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുമാരമംഗലം പഞ്ചായത്തിൽ പി.എം.എം.എസ്.വൈ സ്‌കീം പ്രകാരം തുടങ്ങിയ ബയോഫ്‌ളോക്ക് മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി. പാട്ടത്തിൽ ഫിഷ് ഫാമിൽ നടന്ന വിളവെടുപ്പ് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സജി ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഉഷ രാജശേഖരൻ, സുമേഷ് പാറച്ചാലിൽ, ഫിഷറീസ് അക്വാ പ്രമോട്ടർ അനൂജ.പി. അനിൽ, കൃഷ്ണൻകുട്ടി കൊട്ടാരത്തിൽ, ഷാന്റി മാർട്ടിൻ എന്നിവർ സംസാരിച്ചു.ഫിഷറീസ് വകുപ്പിന്റെ ആനുകൂല്യത്തോടെയാണ് ബയോഫ്‌ളോക്ക് മത്സ്യ കൃഷി നടപ്പിലാക്കുന്നത്.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യങ്ങൾ കൃഷി ചെയ്യുന്നതാണ് ബയോഫ്‌ളോക്ക് കൃഷി രീതി.പൂർണ്ണമായും ജൈവ രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞ സ്ഥലത്ത് 4 ഡയോ മീറ്റർ വിസ്തീർണ്ണത്തിൽ ഒരു മീറ്റർ ആഴത്തിൽ 12000 ലിറ്റർ വെള്ളം കൊള്ളുന്ന തരത്തിലാണ് ബയോഫ്‌ളോക്ക് നിർമ്മിച്ചിരിക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറ് മാസത്തിനുള്ളിൽ വിൽപ്പനക്ക് തയ്യാറാകും. പ്രൊബയോടെക് പ്രക്രിയായതിനാൽ 50 ശതമാനം തീറ്റ മീനുകൾക്ക് ബയോഫ്‌ളോക്കിൽ നിന്നും തന്നെ ലഭിക്കും. ബാക്കി 50 ശതമാനം തീറ്റമാത്രമേ നൽക്കേണ്ടതുള്ളുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. സംഭരണിയിൽ ആദ്യം നിറച്ച വെള്ളം മാറ്റുകയും വേണ്ട. ബയോ ഫ്‌ളോക്കിൽ 24 മണിക്കൂറും പ്രാണവായു നൽകണമെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം. ഇത് നിലച്ചാൽ മത്സ്യങ്ങൾ ചത്തുപൊങ്ങും. ഇതിനാനായി വൈദ്യുതി പോകാതിരിക്കാൻ ഇൻവർട്ടർ സംവിധാനവും ഒരുക്കിയാണ് മീനുകൾക്ക് ഓക്‌സിജൻ നൽകുന്നത്.