
കട്ടപ്പന : അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിൽ വാഹന പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് സ്വകാര്യ വ്യക്തി അനധികൃതമായി കടമുറി സ്ഥാപിച്ചു. അനുമതി വാങ്ങാതെയാണ് നിർമ്മാണം നടത്തിയതെന്ന് കണ്ടെത്തിയതോടെ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിർമ്മിതി പൊളിച്ച് നീക്കാൻ നോട്ടീസ് നൽകി. ഒരു വർഷം മുൻപ് കട്ടപ്പന സ്വദേശി പാർക്കിംഗിനോട് ചേർന്ന സ്ഥലത്ത് ടിൻ ഷീറ്റും ,ഇരുമ്പ് തൂണുകളും ഉപയോഗിച്ച് ഷെഡാണ് നിർമ്മിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുവാനാണ് ഷെഡ് നിർമ്മിച്ചത് എന്നാണ് പരിസരവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്.പിന്നീട് കെട്ടിട നിർമ്മാണ അനുമതി വാങ്ങാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോയും നൽകി.എന്നാൽ അധികൃതരുടെ നിർദ്ദേശം പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി തുടരുകയാണ് ഉണ്ടായത്.നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറ് തവണയോളമാണ് ഈ വ്യക്തിയ്ക്ക് സെക്രട്ടറി നോട്ടീസ് നൽകിയത്. ഇതിനിടെ ഈ വ്യക്തി മരണപ്പെട്ടതോടെ പിന്നീട് ഇയാളുടെ മകനാണ് നിർമ്മാണം തുടർന്നതെന്നാണ് പഞ്ചായത്തിന്റെ കണ്ടെത്തൽ.അനുമതി വാങ്ങാതെ നടത്തിയ നിർമ്മാണം ഏഴ് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് അറിയിച്ച് ഡിസംബർ 13 ന് പഞ്ചായത്ത് സെക്രട്ടറി സ്വകാര്യ നോട്ടീസ് നൽകിയെങ്കിലും മറുപടി ഇല്ല.കഴിഞ്ഞ ദിവസം സബ് കളക്ടർ അഞ്ചുരുളി സന്ദർശിച്ചിരുന്നു.അനധികൃത നിർമ്മാണം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ പൊളിച്ച് നീക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. നിലവിൽ തറ കെട്ടി ഉയർത്തി നാല് ഷട്ടറുകളാണ് നിർമ്മിച്ചിരിക്കുന്നത്.
മണ്ണെടുത്തത് സമീപത്തെ കുന്നിടിച്ച്
സ്‌റ്റോപ്പ് മെമോ ലഭിച്ച ശേഷം രാത്രികാലങ്ങളിലാണ് ഷട്ടർ മുറികളുടെ നിർമ്മാണം പൂർത്തിയാക്കിയത്.തറ കെട്ടി ഉയർത്താൻ സമീപത്തെ ചെറിയ കുന്ന് ജെ. സി ബിക്ക് ഇടിച്ചാണ് മണ്ണെടുത്തത്. കഴിഞ്ഞ പ്രളയ കാലത്ത് ഇവിടെ ഉരുൾപ്പൊട്ടൽ ഉണ്ടായിട്ടുണ്ട്.
ഉദ്യോഗസ്ഥർ കൂട്ടുനിന്നോയെന്ന് സംശയിക്കുന്നു : സി പി ഐ
വാഹന പാർക്കിംഗിനായി ഒഴിച്ചിട്ടിരുന്ന സ്ഥലത്ത് കടമുറി നിർമ്മിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നോയെന്ന് സംശയിക്കുന്നതായി സി പി ഐ ആരോപിച്ചു. അയപ്പൻകോവിലിലും , മുരിക്കാട്ട്കുടിയിലും ഭവന നിർമ്മാണങ്ങൾ തടസ്സപ്പെടുത്തിയപ്പോൾ അഞ്ചുരുളിയിലെ അനധികൃത നിർമ്മാണത്തിന് ഉദ്യോഗസ്ഥർ തുടക്കത്തിൽ മൗനം പാലിച്ചത് അന്വേഷിക്കണം. പൊളിച്ച് നീക്കാനുള്ള നടപടി ഇനിയും വൈകിപ്പിച്ചാൽ ശക്തമായ സമരം നടത്തുമെന്നും സി പി ഐ ലോക്കൽ സെക്രട്ടറി വി. കെ സുരേഷ് ബാബു പറഞ്ഞു.