ഇടുക്കി: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. തൊടുപുഴ പട്ടയംകവലയിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എൽ. ജോസഫ് അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ സിജി റഷീദ്, സംഘാടക സമിതി ജനറൽ കൺവീനർ സാബു ജോസഫ് എന്നിവർ സംസാരിച്ചു. യോഗത്തിൽ എം.എച്ച്. ഇസ്മയിൽ സ്വാഗതവും ലോറേഞ്ച് ഓർഗനൈസിംഗ് കമ്മിറ്റി അംഗമായ റഷീദ് കെ.കെ.ആർ നന്ദിയും പറഞ്ഞു. സീനിയർ വിഭാഗത്തിലെ ലോറേഞ്ച്തല മത്സരങ്ങളാണ് പട്ടയംകവലയിൽ നടക്കുന്നത്. സീനിയർ വിഭാഗത്തിലെ ഹൈറേഞ്ച് തല മത്സരങ്ങൾ ജനുവരി ആറ്, ഏഴ് തീയതികളിൽ വാഴത്തോപ്പിൽ നടക്കും. കാഞ്ഞാറിലെ വിജിലന്റ് ക്ലബ് സ്റ്റേഡിയത്തിൽ ഡിസംബർ 28, 29 തീയതികളിലായി മിനി, സബ് ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങളും 30ന് യൂത്ത് വിഭാഗം മത്സരങ്ങളും അരങ്ങേറും. എട്ട്, ഒമ്പത് തീയതികളിൽ കാഞ്ഞാറിൽ ഇന്റർസോൺ മത്സരം നടത്തും. ജില്ലയിൽ മൂന്ന് വേദികളിലായാണ് പുരുഷ, വനിതാ വിഭാഗത്തിൽ മത്സരങ്ങൾ നടക്കുക. മിനി, സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിലെ വിവിധ ക്ലബുകൾ, സംഘടനകൾ, സ്‌കൂൾ, കോളേജ്, ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മികച്ച കളിക്കാരെ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കും.