വണ്ണപ്പുറം: ഗ്രാമപഞ്ചായത്തിലെ പട്ടയക്കുടി, മുണ്ടൻമുടി മേഖലകളിലെ തിരഞ്ഞെടുത്ത കർഷകർക്ക് 50 കിലോ വീതം കാലിത്തീറ്റ വിതരണം ചെയ്തു. മുണ്ടൻമുടി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഏറെ നാളുകളായി പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പട്ടയക്കുടിയിലെയും മുണ്ടൻമുടിയിലെയും ഉപകേന്ദ്രങ്ങൾ സൗകര്യപ്രദമായ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ താക്കോൽദാന കർമ്മവും ചടങ്ങിൽ നടന്നു. വൈദ്യുതി ബന്ധവും ജല സൗകര്യവും ലഭ്യമായതിനാൽ ഇനി മുതൽ കോഴിവസന്ത, പേവിഷബാധ, കുളമ്പുരോഗം, ആട് വസന്ത തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും പ്രഥമ ശുശ്രൂഷ മരുന്നുകളും ഉപകേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വിനോദ് മാത്യു പറഞ്ഞു. ക്ഷീര കർഷകർക്കുള്ള ഗോസമൃദ്ധി ഇൻഷുറൻസ് സുഗമമായി നടപ്പാക്കുന്നതിന് പുതുതായി ഏർപ്പെടുത്തിയ ഗോമിത്ര പോർട്ടൽ മുഖേനയുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി മികച്ച പ്രവർത്തനം കാഴ്ചവച്ച വെറ്റിനറി ഡോക്ടർമാരായ ഡോ. പ്രഫുൽ, ഡോ. ആദർശ് ചന്ദ്രൻ എന്നിവരെയും രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിജ്ഞാന വ്യാപനവും സ്തുത്യർഹമായ രീതിയിൽ നടത്തിയ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ റഷീദ് എം.കെ, ദിനേശ് പി.ടി, ലിന്റാ മോൾ വി.എ എന്നിവരെയും യോഗത്തിൽ ആദരിച്ചു. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകുന്ന പഞ്ചായത്തിലെ ജനപ്രതിനിധികൾക്കായുള്ള പുരസ്‌കാരം പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ അസി. പ്രോജക്ട് ഓഫീസർ ഡോ. ബിജു ജെ. ചെമ്പരത്തി, ഫീൽഡ് ഓഫീസർ സുരേഷ്, പഞ്ചായത്തംഗങ്ങളായ സുരേന്ദ്രൻ, ജിജോ ജോസഫ്, സന്ധ്യാ റോബിൻ എന്നിവർ സംസാരിച്ചു.