തൊടുപുഴ: പെൻഷൻ പരിഷ്കരണമടക്കമുള്ല വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നിരാഹാര സത്യഗ്രഹം ജില്ലയിലും ഏഴ് ദിവസം പിന്നിട്ടു. ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണവും നടപ്പിലാക്കുക, എല്ലാ മാസവും ഒന്നാം തീയതി പെൻഷൻ നൽകുക,​ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക,​ എൽ.ഐ.സി പാക്കേജ് നടപ്പിലാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊടുപുഴ ഡിപ്പോയിൽ പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി പി.ജി. പദ്മനാഭൻ, യൂണിറ്റ് സെക്രട്ടറി എസ്.എൻ. മേനോൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. രാധാകൃഷ്ണൻ, ഭാരവാഹികളായ പി.കെ. ദാസ്, ആ‌ർ. ഹരിഹരൻ, സുകുമാരൻ എന്നിവർ ഓരോ ദിവസവും സത്യഗ്രഹമനുഷ്ഠിച്ചു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജേക്കബ്,​ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.എസ്. നന്ദഗോപൻ, തൊടുപുഴ യൂണിറ്റ് സെക്രട്ടറി കെ.ഐ. സലിം എന്നിവർ സംസാരിച്ചു.