മുട്ടം: തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് സൈക്കിൾ ചവിട്ടി ഏഴംഗ സംഘം അയ്യപ്പ ദർശനത്തിനായി ശബരിമലയിലേക്ക്. കഴിഞ്ഞ 22ന് ഈറോഡ് ആപ്പുകുടൽ ശക്തി നഗറിൽ നിന്ന് യാത്ര തിരിച്ച സംഘം ക്രിസ്തുമസ് ദിനത്തിൽ മുട്ടത്ത് എത്തി. പെരിയസ്വാമി ചിന്നകണ്ണാണ് ഇവരെ നയിക്കുന്നത്. ഗോവിന്ദ, വല്ലിയൻഗിരി, തങ്കരാജ്, പരമേശ്, പളനി, പളനിവേൽ എന്നിവരാണ് സംഘത്തിലുള്ളത്. അതിരാവിലെ തുടങ്ങുന്ന സൈക്കിൾ സവാരി രാത്രി വരെ നീളും. സൗകര്യപ്രദമായ ക്ഷേത്രങ്ങളിലാണ് അന്തിയുറക്കം. ആദ്യ ദിവസങ്ങളിൽ ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചു. ഇതിന് മുമ്പ് അഞ്ച് തവണ സൈക്കിളിൽ വന്ന് അയ്യപ്പനെ തൊഴുത് മടങ്ങിയിട്ടുണ്ട്. യാത്രയിൽ എടുക്കുന്ന ഫോട്ടോകൾ ഒരു ആൽബമാക്കി ഇവർ കൂടെ കൊണ്ടു നടക്കുന്നു. തിരിച്ചും സൈക്കിളിൽ തന്നെയാണ് മടക്കം.