കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ഒരു മാസത്തോളമായി 142 അടിയ്ക്ക് സമീപം നിന്നിരുന്ന ജലനിരപ്പ് നിലവിൽ 141.65 അടിയായി കുറഞ്ഞു. കഴിഞ്ഞമാസം 28 മുതലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിയത്. പിന്നീട് വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് ജലനിരപ്പ് ഇതിന് താഴേക്ക് എത്തിയത്. രാത്രിയിലടക്കം നിരവധി തവണ സ്പിൽവേ ഷട്ടറുകൾ കൂട്ടത്തോടെ തുറക്കുകയും വലിയ തോതിൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. നാല് തവണയാണ് ഈ സീസണിൽ മാത്രം ഷട്ടർ പൂർണ്ണമായും അടച്ച ശേഷം വീണ്ടും തുറന്നത്. 60ൽ അധികം തവണ ഷട്ടറുകൾ വീണ്ടും ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. പിന്നീട് ഡിസംബർ ആദ്യമാണ് മഴ മാറിയതോടെ തുറന്നിരുന്ന ഷട്ടറുകളുടെ അളവ് കുറച്ചത്. മൂന്നാഴ്ചയോളം 10 സെ.മീ ആണ് ഒരു ഷട്ടർ തുറന്നിരുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ 20ന് ആണ് ഈ ഷട്ടർ പൂർണമായും അടച്ചത്. നിലവിൽ സെക്കന്റിൽ 600 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ ഇത്ര തന്നെ വെള്ളമാണ് തമിഴ്‌നാട് വൈഗ ഡാമിലേക്ക് ടണൽ വഴി കൊണ്ടുപോകുന്നത്. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2398.50 അടിയെത്തി. ആകെ സംഭരണ ശേഷിയുടെ 94.73 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി.