തൊടുപുഴ: ക്ഷമയുടെ നെല്ലിപ്പലക കണ്ടെങ്കിലും കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ഈ വർഷവും തൊടുപുഴക്കാർക്ക് തുറന്നു നൽകില്ലെന്ന് ഉറപ്പായി. അവസാന വട്ട നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാത്തതാണ് ഡിപ്പോ തുറക്കൽ വൈകിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഡിസംബർ ആദ്യ വാരം തന്നെ ഡിപ്പോ തുറക്കുമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇവിടെ നിന്നും ബസുകൾ ഓടിത്തുടങ്ങുന്നത് ഇനി അടുത്ത വർഷം പ്രതീക്ഷിച്ചാൽ മതി. നിർമാണം പൂർത്തിയായി വർഷങ്ങളായ കെട്ടിടത്തിന് ഉണ്ടായ ചോർച്ച അടയ്ക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഡി.ടി.ഒയുടെയും സ്റ്റേഷൻ മാസ്റ്ററുടെയും ഓഫീസുകൾ നിർമാണം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമായെങ്കിലും ചോർച്ച മൂലം ഇവിടേക്ക് വെള്ളം വീഴുന്ന നിലയിലാണ്. ഈ ചോർച്ച അടയ്ക്കുന്ന ജോലികൾ നിലവിൽ നടന്നു വരികയാണ്. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ മറ്റ് സിവിൽ ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഗ്യാരേജിനുള്ള ക്രമീകരണങ്ങളും സജ്ജമായി. പെയിന്റിംഗ് ജോലികളും യാത്രക്കാർക്കായുള്ള സൗകര്യം ഒരുക്കലും അന്തിമഘട്ടത്തിലാണ്. നിലവിൽ പരിമിതമായ സൗകര്യത്തിൽ 18000 രൂപ വാടക നൽകിയാണ് ഇപ്പോഴത്തെ താത്ക്കാലിക ഡിപ്പോയ്ക്കു സമീപം ഓഫീസുകൾ പ്രവർത്തിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഓഫീസും ഗ്യാരേജും ഇവിടേയ്ക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ എല്ലാ ജോലികളും പൂർത്തിയാക്കി ഡിപ്പോ തുറക്കാനാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. ഇതിനിടെ ഷോപ്പിംഗ് കോപ്ലക്‌സിലെ ഇനിയും ആരും ഏറ്റെടുക്കാത്ത മുറികൾ വാടകയ്ക്ക് നൽകാനും അധികൃതർ ശ്രമമാരംഭിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഏതാനും മുറികൾക്കു പുറമെ രണ്ടാം നിലയിൽ വസ്ത്രശാലകൾക്കും ഹോട്ടലുകൾക്കും അനുയോജ്യമായ 25000 ചതുരശ്രയടി വിസ്തീർണമുള്ള മുറികളും ലേലത്തിൽ പോയിട്ടില്ല.
'വേഗത്തിൽ നിർമാണം പൂർത്തിയാക്കി ഡിപ്പോ തുറക്കാനാകുമെന്നാണ് പ്രതീക്ഷ"
-തോമസ് മാത്യു (ഡി.ടി.ഒ)
പണി തുടങ്ങിയിട്ട് ഒമ്പത് വർഷമാകുന്നു
2013 ജനുവരി പത്തിനാണ് മൂപ്പിൽകടവ് പാലത്തിനു സമീപം കോടികൾ മുടക്കി ആധുനിക രീതിയിലുള്ള കെ എസ്ആർടിസി ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം ആരംഭിച്ചത്. 12.5 കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. ഇപ്പോൾ രണ്ടു കോടി കൂടി അനുവദിച്ചാണ് അവസാനഘട്ട നിർമാണ പ്രവർത്തനം നടത്തുന്നത്. ഡീസൽ പമ്പ് നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. നഗരസഭയുടെ ലോറി സ്റ്റാന്റിലാണ് ഇപ്പോൾ താത്ക്കാലികമായി ഡിപ്പോ പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിക്ക് നഗരസഭ പലതവണ കത്ത് നൽകിയിരുന്നു.