തൊടുപുഴ: തീവ്രവാദ സംഘടനയ്ക്ക് ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു. തൊടുപുഴയിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൈവെട്ട് കേസിൽ പോപ്പുലർ ഫ്രണ്ടുകാർക്കും ആ കേസിലെ പ്രതികൾക്കും രക്ഷപ്പെടാൻ അന്വേഷണ വിവരങ്ങൾ ചോർത്തിയത് വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെയുള്ള പൊലീസുകാരാണ്. ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് പൊലീസ് സേനയ്ക്ക് നാണക്കേടാണ്. പൊലീസിൽ നടന്ന ചാരപ്പണി അത്യന്തം ഗൗരവമായ വിഷയമാണ്. വേണ്ട പ്രാധാന്യത്തോടെ നോക്കിക്കാണാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകണം. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ബി.ജെ.പി നടത്തും. പൊലീസ് ഉദ്യോഗസ്ഥൻ ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ വിവരങ്ങൾ ചോർത്തിയ നടപടിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ ,ഡിജിപി അനിൽ കാന്ത് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.പ്രശ്‌നത്തിന്റെ ഗൗരവം ഉൾകൊണ്ട് നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കെ.എസ്. അജി ആവശ്യപ്പെട്ടു.