കട്ടപ്പന: കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ അഞ്ചുരുളി വിനോദ സഞ്ചാരകേന്ദ്രത്തിൽ വാഹന പാർക്കിംഗ് ഗ്രൗണ്ടിനോട്‌ ചേർന്ന് സ്വകാര്യ വ്യക്തി അനധികൃതമായി കടമുറി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കെ.എസ്.ഇ.ബിയ്ക്ക് കത്തയച്ചു. വൈദ്യുത ബോർഡിന്റെ അധീനതയിൽ വരുന്ന മൂന്ന് ചെയ്നിൽ ഉൾപ്പെട്ട സ്ഥലമാണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചതോടെയാണ് പഞ്ചായത്ത് കത്ത് നൽകിയത്. സ്ഥലവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി പഞ്ചായത്തിൽ നൽകിയിട്ടുള്ള രേഖകളുടെ നിജസ്ഥിതി വ്യക്തമാകുന്നതിനാണ് കത്ത് അയച്ചിരിക്കുന്നത്. ഇതിന്‌ ശേഷമാകും തുടർ നടപടികൾ ഉണ്ടാകുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു. ഒരു വർഷം മുമ്പാണ് സ്വകാര്യ വ്യക്തി താത്കാലികമായി ഷെഡ് നിർമ്മിച്ചത്. പിന്നീട് ഈ വ്യക്തി മരണപ്പെട്ടതോടെ ഇയാളുടെ മകനാണ് തുടർ നിർമ്മാണങ്ങൾ നടത്തിയത്. പല സമയങ്ങളിലായി താത്കാലിക ഷെഡ് നാല് ഷട്ടറുകളാക്കി മാറ്റുകയായിരുന്നു. മഴക്കാലത്ത് ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്തെ കുന്നിടിച്ചാണ് കടമുറിയുടെ തറ ഉൾപ്പെടെ പണിതുയർത്തിയത്. അനുമതി ഇല്ലാതെ നിർമ്മാണം നടത്താൻ കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പലതവണ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിർദ്ദേശം അവഗണിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ഈ മാസം 13ന് കടമുറികൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും കടമുറികൾ പൊളിച്ച് നീക്കാൻ സ്വകാര്യ വ്യക്തി തയ്യാറായിട്ടില്ല.