കട്ടപ്പന: തുണിത്തരങ്ങളുടെ നികുതി വർദ്ധനവിനെതിരെ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇന്ന് ധർണ നടത്തും. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കട്ടപ്പന ജി.എസ്.ടി ഓഫീസിന് മുമ്പിൽ രാവിലെ 10.30 ന് നടക്കുന്ന ധർണ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണയ്ക്ക് മുന്നോടിയായി വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും. ജനുവരി ഒന്ന് മുതൽ തുണിത്തരങ്ങൾക്ക് നിലവുള്ള അഞ്ച് ശതമാനം ജി.എസ്.ടിയിൽ നിന്ന് 12 ശതമാനത്തിലേയ്ക്ക് ഉയർത്താൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചിരുന്നു. ഈ നീക്കം പിൻവലിക്കണമെന്നാണ് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. നികുതി വർദ്ധനവിലൂടെ ഈ മേഖലയിലെ നൂറ് കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് അടക്കം വില വർദ്ധനയുണ്ടായാൽ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്നും ജില്ലാ പ്രസിഡന്റ് എം.വി. സജീവ്, ജനറൽ സെക്രട്ടറി കെ.പി. ഷെമീർ, ട്രഷറർ സി.എസ്. സുമൻ, അലന്റ് നിരവത്ത്, കെ.പി. ഹസൻ, പി.കെ. മാണി, ഷൈജോ ഫിലിപ്പ് എന്നിവർ പറഞ്ഞു.