 
കുടയത്തൂർ: ബാങ്കുകൾ ജപ്തി നടപടികൾ നിറുത്തിവെച്ച് കടബാധ്യതരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യം സർക്കാർ ഇടപെട്ട് തടയണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്ബ് ആവശ്യപ്പെട്ടു. 12,000 കോടി അനുവദിച്ച ജില്ലാ പുനരുദ്ധാരണ പാക്കേജിൽ 2000 കോടി രൂപ കടങ്ങളും പലിശയും പൂർണമായും എഴുതിതള്ളാൻ നീക്കിവയ്ക്കണം. വാഗ്ദാനങ്ങൾ പാലിച്ച് ആത്മഹത്യ തടയാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ജേക്കബ്ബ് പറഞ്ഞു. കർഷകന്റെ കടങ്ങൾ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്സ് കുടയത്തൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ധർണ്ണ കുടയത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്ക്കപടവൻ അദ്ധ്യക്ഷത വഹിച്ച ധർണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ചാണ്ടി ആനിത്തോട്ടം, ടി.സി. ചെറിയാൻ, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത എന്നിവർ പ്രസംഗിച്ചു. ധർണയ്ക്ക് മുന്നോടിയായി കുടയത്തൂർ ടൗണിൽ മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്ക്ക പടവന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു.