തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം ആഘോഷമാക്കാൻ ജനങ്ങൾ കുടുംബസമേതം കൂട്ടത്തോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു. ഉല്ലാസങ്ങൾക്ക് ഇടവേള നൽകി വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നവർ കുടുംബസമേതം വിനോദ യാത്രകൾ തുടങ്ങിയതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇടുക്കി ആർച്ച് ഡാമും ചെറുതോണി ഡാമും ന്യൂ ഇയർ പ്രമാണിച്ച് സന്ദർശകർക്കായി തുറന്നിട്ടുണ്ട്. മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങി അന്താരാഷ്ടടുറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വലിയ സംഘങ്ങളെത്തുന്നുണ്ട്. മൂന്നാർ മഞ്ഞിലമർന്നതോടെ ഇവിടെ തണുപ്പാസ്വദിക്കാനായി ഒട്ടേറെ പേർ എത്തുന്നുണ്ട്. നിയന്ത്രണങ്ങളുള്ളതിനാൽ സംസ്ഥാനത്തിനകത്തു നിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുള്ളവരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കെത്തി തുടങ്ങിയിട്ടുണ്ട്. ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളുമുള്ള മേഖലകളിലാണ് സന്ദർശകരുടെ തിരക്ക് കൂടുതൽ. നയന മനോഹരമായ വെള്ളച്ചാട്ടങ്ങളെ വേനൽ ബാധിച്ചിട്ടുണ്ടെങ്കിലും കാടിന്റെ ശീതളിമയും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ ഒട്ടേറെ പേരെത്തുന്നുണ്ട്. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

പ്രാദേശിക കേന്ദ്രങ്ങളിലും തിരക്ക്

മലങ്കര ടൂറിസം ഹബ്ബ്‌, തൊമ്മൻകുത്ത്, ആനയാടിക്കുത്ത്, കാൽവരിമൗണ്ട്, അഞ്ചുരുളി, കുട്ടിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, കോട്ടപ്പാറ, മീനുളിയാൻപാറ, കാറ്റാടിക്കടവ് തുടങ്ങി വിവിധ പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ക്രിസ്മസ് തലേ ദിവസം മുതൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമെ രാജ്യാന്തര തലത്തിലേക്കുയർന്ന രാമക്കൽമേട്ടിലും വലിയ തിരക്കുണ്ട്. വാഗമൺ മൊട്ടക്കുന്നിലും മറ്റും പുതുവത്സരം ആഘോഷിക്കാൻ നൂറുകണക്കിന് സന്ദർകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം കേന്ദ്രങ്ങളെല്ലാം അടച്ചിട്ട അവസ്ഥയിലായിരുന്നു. പിന്നീട് നിയന്ത്രണങ്ങൾ കുറച്ചതോടെയാണ് വിനോദ സഞ്ചാര മേഖലകളെല്ലാം വീണ്ടും സജീവമായത്. വേനൽ അധികരിച്ചതോടെ അന്യ ജില്ലകളിൽ നിന്നുൾപ്പെടെയുള്ളവർ ഇവിടേക്ക് എത്തുന്നുണ്ട്. മലങ്കരയിൽ ജലാശയം കാണാനും കുട്ടികളുടെ പാർക്ക് സന്ദർശിക്കാനും ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്നുണ്ട്. ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കുന്ന അഞ്ചുരുളി ടണലിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ ഇതിനുള്ളിലേക്ക് ഏറെ ദൂരം കടക്കാൻ കഴിയും.

മികച്ച സൗകര്യങ്ങളില്ല

ജനങ്ങൾ കൂട്ടത്തോടെ ജില്ലയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ടെങ്കിലും മിക്കവാറും സ്ഥലങ്ങളിലും സന്ദർശകർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന പരാതികൾ വ്യാപകമാണ്.