ഇടുക്കി: ക്രിസ്മസ് തലേന്ന് നടത്തിയ സർവീസിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി കെ.എസ്.ആർ.ടി.സി. തൊടുപുഴ,​ മൂന്നാർ, മൂലമറ്റം ഡിപ്പോളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മികച്ച കളക്ഷനാണ് ഉണ്ടായത്. ആറ് ഡിപ്പോകളിൽ നിന്നായി 2​5,​3​2,​956 രൂപയാണ് കളക്ഷൻ ലഭിച്ചത്. ദീർഘദൂര സർവീസുകളിൽ നിന്നാണ് കൂടുതൽ വരുമാനം ലഭിച്ചത്. ക്രിസ്മസ് അവധി പ്രമാണിച്ച് കൂടുതൽ പേർ പൊതു ഗതാഗതത്തെ ആശ്രയിച്ചതാണ് കളക്ഷൻ കൂടാൻ കാരണം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചത് കളക്ഷൻ വർധിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. അതേ സമയം മുടങ്ങിക്കിടക്കുന്ന സർവീസുകൾ കൂടി നിരത്തിലിറക്കിയിരുന്നെങ്കിൽ വരുമാനം ഇനിയും കൂടുതൽ വർദ്ധിപ്പിക്കാമായിരുന്നു. നിലവിൽ ഒട്ടുമിക്ക ഡിപ്പോകളിലും കണ്ടക്ടർമാരുടെ കുറവ് ഉണ്ട്. 25 ന് അവധി ദിവസമായിരുന്നതിനാൽ പൊതുവെ വരുമാനം കുറവായിരുന്നു.

തൊടുപുഴ- ₹6,25,​504
തൊടുപുഴ ഡിപ്പോയിൽ സർവീസ് നടത്തിയ 40 ബസുകളിൽ നിന്ന് 6,25504 രൂപയാണ് ലഭിച്ചത്. അടുത്തിടെയുള്ളതിൽ കൂടിയ കളക്ഷനാണിത്. കൊവിഡിന് മുൻപ് 65 സർവീസുകൾ ഉണ്ടായിരുന്നു. പിന്നീട് പല ഗ്രാമീണ സർവീസുകളുമടക്കം നിറുത്തി.


കുമളി- ₹ 5,​72,​303
കുമളി ഡിപ്പോയിൽ 26 സർവീസുകളിൽ നിന്ന് 5,​7​2,​303 രൂപയാണ് ലഭിച്ചത്. അതേ സമയം ഡിപ്പോയിലെ 56 ഷെഡ്യൂളുകളിൽ 26 എണ്ണമാണ് ഓടുന്നത്. 30 സർവീസുകൾ മുടങ്ങി കിടക്കുകയാണ്. സർവീസുകൾ പൂർണമായി ഓടിയിരുന്നെങ്കിൽ 15 ലക്ഷം രൂപയിലധികം വരുമാനം ലഭിക്കുമായിരുന്നു.

മൂന്നാർ- ₹ 4,​8​​​2,​198
രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമാണ് മൂന്നാർ ഡിപ്പോ സ്വന്തമാക്കിയത്. ക്രിസ്മസ് തലേന്ന് അഞ്ച് ലക്ഷം രൂപയുടെ അടുത്തെത്തി ഇവിടുത്തെ കളക്ഷൻ. അന്തർസംസ്ഥാന സർവീസുകളിൽ നിന്നടക്കം 4,​8​​2,​198 രൂപയാണ് വരുമാനം. കൂടിയ വരുമാനം നേടി മുമ്പും സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഡിപ്പോയാണ് മൂന്നാർ. ഏറെക്കാലത്തിന് ശേഷം പഴയകാല വരുമാന നേട്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

നെടുങ്കണ്ടം- ₹1,​7​6,​400
നെടുങ്കണ്ടം സബ് ഡിപ്പോയിൽ നിന്ന് 1,​7​6,​400 രൂപയാണ് ക്രിസ്മസ് തലേന്ന് ലഭിച്ച കളക്ഷൻ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കളക്ഷനിൽ വർദ്ധനയുണ്ടായിട്ടുണ്ട്.

മൂലമറ്റം- ₹1,​1​9,​000
മൂലമറ്റം ഡിപ്പോയിൽ സാധാരണ 85000 മുതൽ 95000 രൂപ വരെയാണ് പ്രതിദിന വരുമാനം. എന്നാൽ ക്രിസ്മസ് തലേന്ന് 1,​19,​000 രൂപയുടെ കളക്ഷൻ നേടാൻ മൂലമറ്റം ഡിപ്പോയ്ക്ക് സാധിച്ചു.