 
മൂലമറ്റം: അറക്കുളത്ത് പുലിയിറങ്ങിയതായി അഭ്യൂഹം പരന്നത് ജനങ്ങളിൽ പരിഭ്രാന്തിയ്ക്കിടയാക്കി. അറക്കുളം പുളിയനാനിക്കൽ ഗ്രാനൈറ്റിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. ഇവിടെ കൂട്ടിയിട്ടിരുന്ന പാറ പൊടിയിലും വണ്ടികളിൽ നിറച്ചിട്ടിരുന്ന പൊടിയിലുമാണ് കാൽപ്പാടുകൾ കണ്ടത്. ഇന്നലെ രാവിലെ ഇവിടെ എത്തിയ തൊഴിലാളികളാണ് കാൽപ്പാടുകൾ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം ഫോറസ്റ്റർ സാജുവിന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കാൽപ്പാടുകൾ പുലിയുടേതല്ലെന്നും പൂച്ചപുലിയുടേതാണെന്നും വനപാലകർ സ്ഥിരീകരിച്ചു. ഇതോടെയാണ് നാട്ടുകാരുടെ പരിഭ്രാന്തി മാറിയത്.