കുമളി: പട്ടാപകൽ യുവതിയുടെ മുഖത്ത് മുളക് പൊടി വിതറി മാല കവർന്നു. അട്ടപ്പള്ളം സ്വദേശി സുജയുടെ (44) മാലയാണ് കവർന്നത്. ഇന്നലെ രാവിലെ എട്ടോടെ കുമളി അട്ടപ്പള്ളം ലക്ഷംവീടിന് സമീപം ആനക്കുഴിഭാഗത്ത് വിശ്വനാഥപുരത്തേക്കുള്ള കോൺക്രീറ്റ് റോഡിലായിരുന്നു സംഭവം. വിശ്വനാഥപുരത്തെ ഒരു റിസോർട്ടിലെ ജീവനക്കാരിയായ സുജ ദിവസവും നടന്നാണ് ജോലിക്ക് പോയിരുന്നത്. പതിവുപോലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വിശ്വനാഥപുരം ഭാഗത്ത് നിന്ന് നടന്നെത്തിയ യുവാവ് സൗഹൃദ സംഭാഷണത്തിനൊപ്പം മുളക്‌പൊടി മുഖത്തേക്കെറിഞ്ഞ് മാല പൊട്ടിച്ച് ഓടി മറയുകയായിരുന്നു. സുജയുടെ കരച്ചിൽ കേട്ട് സമീപവാസിയായ മങ്ങാട്ട് മാത്യു ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. മാത്യു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മാല ഇമിറ്റേറ്റിങ് സ്വർണമായിരുന്നു.