തൊടുപുഴ: പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റ് പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹതപ്പെട്ട ആദിവാസി വിദ്യാർത്ഥിക്ക് മെഡിക്കൽ ബോർഡ് നിഷേധിച്ചതായി സ്‌കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതി ആരോപിച്ചു. കുട്ടിയെയും രക്ഷിതാവിനെയും മാനസികമായി ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തതായി ആക്ഷേപമുണ്ട്. ജില്ലയിൽ ചില സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ഐ.ക്യു ടെസ്റ്റ് നടത്തി കുട്ടികളിൽ നിന്ന് വലിയ തുക ഈടാക്കുന്നതായി പരാതിയുണ്ട്. ജില്ലയിൽ ഒരു വർഷം 500ൽ അധികം കുട്ടികൾ ഇത്തരം ടെസ്റ്റുകൾക്കായി വിധേയമാകുന്നുണ്ടത്രേ. ലക്ഷങ്ങളുടെ വരുമാനമാണ് ഇതുവഴി ലഭിക്കുന്നത്. എന്നാൽ ഈ വർഷം സർവ്വ ശിക്ഷ അഭിയാനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ചേർന്ന് ഐ.ക്യു ടെസ്റ്റ് സൗജന്യമായി നടത്തി. ഈ നടപടി പണം വാങ്ങി ടെസ്റ്റ് നടത്തിയവരിൽ വലിയ എതിർപ്പാണ് ഉണ്ടാക്കിയത്. ഇത്തരം ഏജൻസികൾ ഐ.ക്യു ടെസ്റ്റ് നടത്തി വിടുന്ന ഭൂരിപക്ഷം കുട്ടികൾക്കും മെഡിക്കൽ ബോർഡ് അംഗീകാരം നൽകും. എന്നാൽ എസ്.എസ്.കെയും സാമൂഹ്യനീതി വകുപ്പും ചേർന്ന് സൗജന്യമായി ടെസ്റ്റു നടത്തിയെത്തിയ ആദിവാസി കുട്ടികളെയും മറ്റുപാവപ്പെട്ടവരെയും ഒഴിവാക്കുകയും അപമര്യാദയായി പെരുമാറുകയുമാണ് ബോർഡംഗങ്ങൾ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. പൂമാല ഗവ. ട്രൈബൽ സ്‌കൂളിലെ അർഹതപ്പെട്ട ആദിവാസി കുട്ടിയെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും മെഡിക്കൽ ബോർഡിന്റെ ഇത്തരം നടപടിയെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കണമെന്നും പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു. പത്താം ക്ലാസിലെ പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുട്ടിക്ക് അർഹതപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് പി.ടി.എ പ്രസിഡണ്ട് ജെയ്‌സൺ കുര്യാക്കോസ് അറിയിച്ചു.