തൊടുപുഴ: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസ് നീന്തൽ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു (മുഖ്യരക്ഷാധി)​,​ പോൾസൺ മാത്യു (ചെയർമാൻ)​,​ ബേബി വർഗീസ് (ജനറൽ കൺവീനർ)​ എന്നിവരെ തിരഞ്ഞെടുത്തു.​ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ. ശശിധരൻ ജില്ലയിൽ ഒളിമ്പിക്‌ഗെയിംസിന്റെ നടത്തിപ്പു സംബന്ധിച്ചു വിശദീകരിച്ചു. ഒളിമ്പിക് ഗെയിംസ് നീന്തൽ മത്സരങ്ങൾ 14ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടത്താൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു. സീനിയർ വിഭാഗത്തിൽ മാത്രമായി നടക്കുന്ന മത്സരത്തിൽ പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. ഫെബ്രുവരി 14 മുതൽ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസ് നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ടോമി ജോസഫ്, സാബു നെയ്‌ശ്ശേരി, നെടുമറ്റം സഹകരണ ബാങ്ക് പ്രസിഡന്റ് സാബു കേശവൻ, എച്ച്. മുഹമ്മദ് അലി, ബിനു ജെ. കൈമൾ, ഡിജോ ജോസഫ്, രാജേഷ് കെ.എ, പി.എൻ. വിനോദ് കുമാർ, ദീപു ജയറാം, കെ.എൻ. വിജയൻ കുന്നുമ്പുറത്ത്, ബെന്നി തോട്ടുപാട്ട്, ജോയി ജോസഫ് മഞ്ചേരിൽ, അലൻ ബേബി, ജേക്കബ്ബ് ജോസ് എന്നിവർ പങ്കെടുത്തു.