തൊടുപുഴ: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾക്കുള്ള സാക്ഷരതാ പാഠാവലികൾ എത്തി. 20,​000 സാക്ഷരതാ പാഠാവലികളാണ് ജില്ലയിൽ ലഭിച്ചിട്ടുള്ളത്. മാർച്ച് 31ന് 20,​000 നിരക്ഷരരെയാണ് ജില്ലയിൽ സാക്ഷരരാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന സർവേയിലൂടെയാണ് പഠിതാക്കളെ കണ്ടെത്തുന്നത്. എട്ട് മുതൽ 10 വരെ പഠിതാക്കൾക്ക് ഒരു ക്ലാസ് എന്ന നിലയിലാണ് പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 2000 ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ പഠിതാക്കൾക്ക് ക്ലാസുകൾ നൽകും. വാർഡ് അടിസ്ഥാനത്തിൽ പഠന ക്ലാസുകൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ പഞ്ചായത്തിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നിന്ന് രജിസ്റ്റർ ചെയ്ത അത്രയും പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ കൈപ്പറ്റാവുന്നതാണെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം. അബ്ദുൾകരീം അറിയിച്ചു.