 ഏറ്റവും ഉയർന്ന വില 2019 ആഗസ്റ്റ് മൂന്നിന് 7000 രൂപ

 ഇന്നത്തെ വില- 926.7 രൂപ


കട്ടപ്പന: അനുകൂല കാലാവസ്ഥ കനിഞ്ഞിട്ടും ഏലം ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിൽ. 926.7 രൂപയാണ് ഇന്നലത്തെ ശരാശരി വില. 35 വർഷം മുമ്പ് ഏലത്തിന് ലഭിച്ചിരുന്ന അതേ വിലയിലേയ്ക്കാണ് ഇപ്പോഴത്തെ വിപണി എത്തിയിരിക്കുന്നതെന്ന് ഏലം മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഉത്പാദന ചിലവിന് ആനുപാതികമായി കർഷകന് ഗുണം ചെയ്യണമെങ്കിൽ 2000 മുതൽ 2500 രൂപയെങ്കിലും വില ലഭിക്കണം. വളം കീടനാശിനികൾക്ക് പുറമേ തൊഴിൽ വേതനവും രണ്ടിരട്ടിയായി. ഒമിക്രോൺ നിയന്ത്രണങ്ങൾ കർശനമാക്കിയാൽ ആഭ്യന്തര വിപണിയും ചതിക്കുമോയെന്നാണ് ചെറുകിട വ്യാപാരികളും ഉറ്റുനോക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ മുംബൈ, ജയ്പൂർ, ഡൽഹി അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് ഇടുക്കിയിൽ നിന്ന് ഏലയ്ക്കാ എത്തുന്നത്. ഇവിടെ നിയന്ത്രണങ്ങൾ വന്നാൽ വൻകിട വ്യാപാരികൾ സംഭരണം അവസാനിപ്പിക്കും. ഇങ്ങനെ സംഭവിച്ചാൽ വില ഇനിയും താഴേയ്ക്ക് പോകും.

 വിഷാംശം,​ വിദേശത്ത് ഡിമാൻഡ് കുറഞ്ഞു

ഏലയ്ക്കായുടെ വിദേശ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്നാണ് വിലയിരുത്തൽ. മുമ്പ് അമിത കീടനാശിനി പ്രയോഗവും കൃത്രിമ കളർ ചേർക്കലും മൂലം വിദേശ രാജ്യങ്ങൾ ഏലയ്ക്കാ വാങ്ങാൻ തയ്യാറാകുന്നില്ലെന്നാണ് സ്‌പൈസസ് ബോർഡടക്കം വ്യക്തമാക്കിയിരുന്നത്. പ്രധാന ഉപഭോക്താക്കളായ സൗദി അറേബ്യ, യു.എ.ഇ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ ഇന്ത്യൻ ഏലയ്ക്കായിലെ വിഷാംശംങ്ങൾ ശാസ്ത്രീയമായി കണ്ടെത്തിയതോടെ കയറ്റുമതി കുത്തനെ ഇടിഞ്ഞിരുന്നു. 2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലാണ് ഏലയ്ക്കാ വിദേശ വിപണിയിലേയ്ക്ക് കയറ്റി അയച്ചത്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ വർഷം ഇത് 2,​000 മെട്രിക് ടണ്ണിൽ താഴെയായി.

 ഗ്വാട്ടിമാല ഏലയ്ക്കാ ഇന്ത്യയിലേയ്ക്കും

ഗുണനിലവാരത്തിൽ ഇന്ത്യൻ ഏലത്തിനേക്കാൾ പിന്നിലുള്ള ഗ്വാട്ടിമാല ഏലം വ്യാപകമായി ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതും വിലയിടിവിന്റെ മറ്റൊരു കാരണമാണ്. ഏലയ്ക്കാ ഉത്പാദനമില്ലാത്ത യു.എ.ഇയിൽ നിന്നടക്കം ഗ്വാട്ടിമാല ഏലം ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് വിവരം. പ്രതിവർഷം 30,000 മെട്രിക് ടണ്ണാണ് ഗ്വാട്ടിമാലയിൽ ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ ഒരു ഭാഗം ഏലം ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നത് സാധാരണ കർഷകരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.


 ഉത്പാദന ചിലവിലും വർദ്ധന

1980 കളിൽ 650 മുതൽ 800 രൂപ വരെ ഏലയ്ക്കായ്ക്ക് വില ലഭിച്ചിരുന്നു. അന്ന് 15 രൂപയായിരുന്നു തൊഴിലാളികളുടെ വേതനം. ഒരു ചാക്ക് വേപ്പിൻ പിണ്ണാക്കിന് 40 രൂപയും കീടനാശിനികൾക്ക് 20 മുതൽ 30 രൂപയുമായിരുന്നു അന്ന് വില. എന്നാൽ ഇന്ന് തൊഴിലാളികളുടെ ദിവസ വേതനം 550 രൂപ മുതൽ 600 രൂപയിലെത്തി. വളം കീടനാശിനികൾക്കും പത്തിരട്ടി വിലയാണ് അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായത്.


 റീ പൂൾ നിറുത്തലാക്കണമെന്ന് ആവശ്യം

ഇ- ലേലത്തിലെ റീ പൂൾ സംവിധാനം നിറുത്തലാക്കണമെന്ന് കർഷകർ പറയുന്നു. ശരാശരി വിലയ്ക്ക് കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഏലയ്ക്കാ ഗ്രേഡ് തിരിച്ച ശേഷം നിലവാരം കുറഞ്ഞവ റീ പൂളിന് വച്ച് വിലയിടിക്കുകയാണ് വൻകിട വ്യാപാരികൾ. വിലയിടിച്ച് വാങ്ങുന്ന ഏലയ്ക്കാ മറ്റ് സംസ്ഥാനങ്ങളിൽ നാലിരട്ടിയോളം വിലയ്ക്കാണ് വിറ്റ് പോകുന്നത്. റീ പൂൾ സംവിധാനം അവസാനിപ്പിച്ചാൽ വിലയിൽ അൽപ്പമെങ്കിലും മാറ്റം വരുമെന്നും കർഷകർ പറയുന്നു.


'ഏലം കർഷകർക്ക് ഒരു പ്രയോജനവുമില്ലാത്ത ഏലം ഗവേഷണ കേന്ദ്രം അടക്കമുള്ള സ്ഥാപനങ്ങൾ നിറുത്തലാക്കണം. ഏലം മേഖല വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോയിട്ടും ഇടപെടാത്ത കൃഷി മന്ത്രി രാജി വയ്ക്കണം'

-റെജി ഞള്ളാനി (ഏലം ഗവേഷകൻ, കട്ടപ്പന)​