തൊടുപുഴ: നഗരസഭയുടെ അശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ മരവിപ്പിച്ച് പരമാവധി ജനവാസ മേഖലകൾ ഒഴിവാക്കി പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഇന്ന് വൈകിട്ട് നാല് മുതൽ തൊടുപുഴയിലെ കടകൾ അടച്ചിട്ട് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും. വ്യാപാരഭവൻ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ശേഷം പ്രതിഷേധ സമ്മേളനം നടത്തുമെന്ന് വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മറ്റ് നഗരവികസനങ്ങളുടെ ചരിത്രം എടുത്ത് പരിശോധിച്ചാൽ പഴയ സിറ്റി നിലനിർത്തികൊണ്ട് തന്നെ പുതിയ ഒരു കാഴ്ചപ്പാടോടെ പുതിയ ഒരു ടൗൺഷിപ്പ് നിർമ്മിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് കാണാൻ കഴിയുമെന്ന് വ്യാപാരികൾ പറഞ്ഞു. 3000 വ്യാപാരസ്ഥാപനങ്ങളും പതിനായിരത്തിൽ പരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന മാസ്റ്റർ പ്ലാൻ മരവിപ്പിച്ച് ഔട്ടർ റിംഗ് റോഡ് വഴിയുള്ള വികസനങ്ങൾക്ക് മുൻതൂക്കം നൽകി പുതിയ പദ്ധതി ആവിഷ്‌കരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ജില്ലാ സെക്രട്ടറി ആർ. രമേഷ്, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി എന്നിവർ പങ്കെടുത്തു.