തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി നടത്തിയ ജില്ലാതല കവിതാരചനാ മത്സരത്തിൽ എസ്.വി. വിനോദ്കുമാർ (തൊടുപുഴ) രചിച്ച 'ഉത്തിഷ്ഠത ജാഗ്രത', ഷേർളി മണലിൽ (ചോറ്റുപാറ) രചിച്ച 'മരണമൊഴി' എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കൂടാതെ പ്രദീപ് എസ്.എസ്, കോടിക്കുളം സുകുമാരൻ, നിമിഷ ഹേമേന്ദ്ര, ആശ ഇതൾമൊഴി, രാധിക ജയദാസ്, സുമറോസ് ഇടുക്കി, സരസ്വതി, ആചാര്യ പി. ദിവാകരൻ എന്നിവരുടെ രചനകളും മികച്ചതായി ജൂറി വിലയിരുത്തി. കവികളായ വി.കെ. സുധാകരൻ, സരു ധന്വന്തരി, ബാബുരാജ് കളമ്പൂർ എന്നിവർ അംഗങ്ങളായ ജൂറിയാണ് കവിതകൾ വിലയിരുത്തിയത്. ഒന്നാം സമ്മാനമായി രണ്ടായിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായി ആയിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും മത്സരവിജയികൾക്ക് സമ്മാനിക്കും. രണ്ടിന് വൈകിട്ട് നാലിന് തൊടുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കുന്ന തുഞ്ചൻ ദിനാഘോഷചടങ്ങിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി. ഹരിദാസ് പുരസ്‌കാരസമർപ്പണം നിർവഹിക്കും.