 
തൊടുപുഴ: കോൺഗ്രസിന്റെ 137-ാമത് ജന്മദിനം ജില്ലയിൽ പാർട്ടിപ്രവർത്തകർ വിപുലമായി ആഘോഷിച്ചു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ഡി.സി.സി സംഘടിപ്പിച്ച ആഘോഷം കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ഇന്ത്യയുടെ സൗന്ദര്യം കോൺഗ്രസ് സംരക്ഷിച്ചു നിലനിർത്തിയ മതേതരത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കാണാൻ ആഗ്രഹിക്കാത്ത ഫാസിസ്റ്റു സമീപനമാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷനായിരുന്നു. ജവഹർലാൽ നെഹ്‌റു മുതലുള്ള കോൺഗ്രസ് സർക്കാരുകൾ പടുത്തുയർത്തിയ പൊതുമുതൽ വിറ്റ് തുലയ്ക്കുന്ന കേന്ദ്ര സർക്കാർ മുൻകാല കോൺഗ്രസ് പ്രധാനമന്ത്രിമാരെ പോലും തമസ്‌കരിക്കുന്ന നിലയിലാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനതയുടെ വികാരമായ കോൺഗ്രസ് കരുത്താർജിക്കേണ്ടത് രാജ്യനന്മയ്ക്ക് അനിവാര്യമാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് പറഞ്ഞു. രാവിലെ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഓഫീസിൽ പാർട്ടി പതാക ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ജന്മദിന കേക്ക് മുറിക്കലും നടന്നു. എം.കെ. പുരുഷോത്തമൻ, ഇന്ദു സുധാകരൻ, ടി.ജെ. പീറ്റർ, ജോസ് അഗസ്റ്റിൻ, ചാർളി ആന്റണി, എൻ.ഐ. ബെന്നി, ജാഫർ ഖാൻ മുഹമ്മദ്, വിനയ വർദ്ധൻ, എൻ.കെ. ബിജു എന്നിവർ പ്രസംഗിച്ചു.