അരിക്കുഴ: വിദ്യാലയങ്ങളിൽ പൂർവവിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കുന്നത് ഇക്കാലത്ത് സാധാരണമാണ്. എന്നാൽ 70 വർഷം മുമ്പ്,​ സ്കൂൾ ആരംഭിച്ച കാലം മുതലുള്ള പൂർവവിദ്യാർത്ഥികൾ ഒരുമിച്ച് കൂടിയാലോ. അത്തരമൊരു അപൂർവസംഗമത്തിനാണ് ജനുവരി ഒന്നിന് അരിക്കുഴ സർക്കാർ സ്കൂൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. 1948ലാണ് അരിക്കുഴ ഗവ. എൽ.പി സ്കൂൾ സ്ഥാപിക്കുന്നത്. 1962ൽ എസ്.എസ്.എസ് യു.പി സ്കൂളും ആരംഭിച്ചു. പിന്നീട് ഇത് ഗവ. ഹൈസ്കൂളുമായി. എൽ.പി സ്കൂൾ ആരംഭിച്ച 1948ലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ മുതൽ യു.പി,​ എച്ച്.എസ് ക്ലാസുകളിൽ പഠിച്ചവർ 'ഭൂതകാലക്കുളിർ" എന്ന് പേരിട്ടിരിക്കുന്ന പൂർവവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും. അരിക്കുഴ ഗവ. സ്കൂൾ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ഒന്നിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ അരിക്കുഴ ഗവ. ഹൈസ്‌കൂൾ ആഡിറ്റോറിയത്തിലാണ് സംഗമം നടക്കുക. സംഗമത്തിൽ പങ്കെടുക്കുന്ന മുതിർന്ന അദ്ധ്യാപകനാകും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയെന്ന പ്രത്യേകതയുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 16 അദ്ധ്യാപകരെ മുതിർന്ന 16 പൂർവ്വ വിദ്യാർത്ഥികൾ ആദരിക്കും. 16 പൂർവ്വ വിദ്യാർത്ഥികളെ ഏറ്റവും ജൂനിയറായ 2021ലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥികളും ആദരിക്കും. പൂർവ്വവിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും ഉണ്ടാകും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്,​ ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത (രക്ഷാധികാരികൾ), മണക്കാട് പഞ്ചായത്ത് മെമ്പർ ടോണി കുര്യാക്കോസ് (ചെയർമാൻ), ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ്ജ് (ട്രഷറർ), എൽ.പി.എസ് എച്ച്.എം ഉഷ പി.കെ, എച്ച്.എസ് എച്ച്.എം മേരിക്കുട്ടി ജോസഫ് (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. എല്ലാ പൂർവ്വ വിദ്യാർത്ഥികളും 'ഭൂതകാലക്കുളിർ ' ഭാഗമാകണമെന്ന് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.എൻ. ദാമോദരൻ നമ്പൂതിരി, സെക്രട്ടറി എം.കെ. പ്രീതിമാൻ, ട്രഷറർ ടി.സി. ഫ്രാൻസിസ് എന്നിവർ അഭ്യർത്ഥിച്ചു.